ADVERTISEMENT
തിരുവനന്തപുരം: ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ നിന്ന് 11.5 ലക്ഷത്തോളം പേർ കുറഞ്ഞത്, കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണത്തെ തുടർന്നാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ.
2020ൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനു ശേഷം 2023ലും 2024 ലും വോട്ടർ പട്ടിക ശുദ്ധീകരണം നടത്തി. ഇക്കാലയളവിൽ മരണമടഞ്ഞവർ, കേരളം വിട്ടുപോയർ, ഇരട്ടവോട്ടുള്ളവർ തുടങ്ങി അനർഹരെന്നു കണ്ടെത്തിയ 14 ലക്ഷത്തോളം പേരെ ഒഴിവാക്കി. ഇതിനിടയിൽ നടന്ന 375 വാർഡുകളിലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലായി ഏതാണ്ട് 2.5 ലക്ഷത്തോളം വോട്ടർമാരെ അധികമായി ഉൾപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പുതുക്കിയ വോട്ടർ പട്ടികയും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പട്ടികയും തമ്മിൽ 9.28 ലക്ഷം വോട്ടർമാരുടെ വ്യത്യാസമുണ്ട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരെ ചേർക്കുന്ന നടപടികൾ നടക്കുന്പോൾ വോട്ടർമാരുടെ എണ്ണം ഉയരാനാണ് സാധ്യത. നാളെ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം ലഭിക്കും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്പോൾ കൃത്യമായി കണക്ക് പുറത്തുവരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
2023ൽ 8,76,879 പേരും 2024 ൽ നടന്ന ശുദ്ധീകരണത്തിൽ 4,52,951 പേരുമാണ് പട്ടികയിൽ നിന്ന് ഒഴിവായത്. നിലവിൽ സംസ്ഥാനത്ത് 2,66,78,256 വോട്ടർമാരാണുള്ളത്. അതിൽ 1,40,45,837 സ്ത്രീകളാണ്.
Tags :