ADVERTISEMENT
ന്യൂഡൽഹി: ബോയിംഗ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബോയിംഗ് -787, ബോയിംഗ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അഹമ്മദാബാദിൽ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെയാണ് എയര്‍ ഇന്ത്യ പരിശോധന ആരംഭിച്ചത്. മുൻകരുതലെന്ന നിലയിലാണ് ഫ്യുവൽ കണ്ട്രോള് സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ചത്.
ബോയിംഗ് വിമാനങ്ങളിലെ ഫ്യുവല്‍ കണ്ട്രോള് സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം സുരക്ഷിതമാണെന്ന് യുഎസ് റെഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ), ബോയിങ്ങും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു.
Tags :