ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയും മണിക്കൂറുകൾക്കുള്ളിൽ രാജി സ്വീകരിച്ചതും ആശയക്കുഴപ്പവും സംശയങ്ങളും ദുരൂഹതയും അഭ്യൂഹങ്ങളും വിവാദങ്ങളും ഉയർത്തി. ധൻകറിന്റെ പെട്ടെന്നുള്ള രാജിയുടെ രാഷ്ട്രീയ കാരണത്തെക്കുറിച്ചു പ്രധാനമന്ത്രിയോ മന്ത്രിമാരോ ബിജെപി നേതാക്കളോ വിശദീകരണമോ അഭിപ്രായമോ പറയാത്തത് അഭ്യൂഹങ്ങൾ ശക്തമാക്കി.
ധൻകറിന് ആരോഗ്യവും ആശംസകളും നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ നൽകിയ കുറിപ്പിലും രാജ്യത്തിനുവേണ്ടി സേവിക്കാൻ അനേകം അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചുവെന്ന പരാമർശമാണുള്ളത്. ധൻകർ രാജിവച്ച് 15 മണിക്കൂറിനുശേഷമാണിത്.
ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യസഭാനേതാവും ബിജെപി അധ്യക്ഷനുമായ ജെ.പി. നഡ്ഡയും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജുജുവും ഉൾപ്പെടെ പ്രമുഖർ അപ്പോഴും മൗനം തുടർന്നതു സംശയങ്ങൾ വർധിപ്പിക്കുകയാണ്.
ധൻകറിന്റെ രാജി ബിജെപിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.25ന് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഉടൻ പ്രാബല്യത്തോടെ ധൻകർ പ്രഖ്യാപിച്ച രാജിയെക്കുറിച്ച് എന്തു പ്രതികരിക്കണമെന്നുപോലും പാർട്ടിക്കു നിശ്ചയമില്ല. ചില എംപിമാർ പറയുന്നത് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ്.
കുറേക്കാലമായി അദ്ദേഹം സർക്കാരിനു വഴങ്ങുന്നില്ലെന്ന തോന്നലും ബിജെപിക്കുണ്ടായി.
നാലു കാരണങ്ങൾ
കാലാവധി പൂർത്തിയാക്കിയാകും താൻ വിരമിക്കുകയെന്ന് രാജിക്കു കൃത്യം 12 ദിവസം മുന്പ് ഡൽഹിയിലെ ചടങ്ങിൽ പ്രഖ്യാപിച്ചയാളാണു ജഗ്ദീപ് ധൻകർ. രാജിക്കായി അദ്ദേഹം പറഞ്ഞ ആരോഗ്യപരമായ കാരണം തൊടുന്യായം മാത്രമാണെന്നു വ്യക്തമാക്കുന്നതാണ് പാർലമെന്റിലും പുറത്തും കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ സജീവ പ്രവർത്തനങ്ങൾ. കഴിഞ്ഞ മാർച്ചിലുണ്ടായ ഹൃദയാഘാതത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത ധൻകർ കേരളത്തിലടക്കം യാത്രകളും നടത്തിയിരുന്നു.
ഉപരാഷ്ട്രപതിയുടെ രാജിയിലേക്കു നയിച്ച കാര്യങ്ങളിൽ നാലു വ്യത്യസ്ത സൂചനകളാണു പ്രചരിക്കുന്നത്. ഇവയിൽ ചിലതെല്ലാം ചേർന്നതാണു കാരണമെന്നും പറയുന്നു. പ്രധാനമന്ത്രി മോദിയടക്കമുള്ള നേതൃത്വത്തിൽനിന്നും മന്ത്രിമാരിൽനിന്നുമുണ്ടായ വ്യക്തിപരമായ അപമാനവും അവഗണനയുമാണ് തിടുക്കത്തിലുള്ള രാജിയെന്നതാണ് ഒന്നാമത്തേത്. രാജ്യസഭയിൽ ബിജെപിക്കാർ ഒപ്പിടാതിരുന്ന ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം കേന്ദ്രസർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതാണു രണ്ടാമത്തെ കാരണമായി കരുതുന്നത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണു രാജിയെന്നതാണു മൂന്നാമത്തേത്. കോണ്ഗ്രസുമായി അസ്വാരസ്യത്തിലുള്ള ഡോ. ശശി തരൂർ എംപിയെ ഉപരാഷ്ട്രപതിയാക്കി കോണ്ഗ്രസിനെ വെട്ടിലാക്കാനുള്ള മോദി- ഷാ തന്ത്രമാണു ധൻകറിനെ രാജിവയ്പിച്ചതെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. കർഷക സമരങ്ങളിലും ജുഡീഷറിയിലെ അഴിമതിക്കാര്യത്തിലും ധൻകർ നടത്തിയ പ്രസ്താവനകൾ സർക്കാരിനെ വെട്ടിലാക്കിയിരുന്നുവെന്ന അഞ്ചാമതൊരു പ്രചാരണവും നിലവിലുണ്ട്. ഏതായാലും ധൻകറിന്റെ രാജിയെക്കുറിച്ച് അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും വർധിക്കുന്പോഴും ബിജെപിയും കേന്ദ്രസർക്കാരും പ്രതികരിച്ചിട്ടില്ല.
മാറ്റത്തിനാകെ 12 ദിവസം
ഉപരാഷ്ട്രപതിയുടെ കാലാവധി താൻ പൂർത്തിയാക്കുമെന്ന് 74കാരനായ ധൻകർ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പോലുമായിരുന്നില്ല. ദൈവിക ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശരിയായ സമയത്ത് 2027 ഓഗസ്റ്റിൽ താൻ വിരമിക്കുമെന്ന് രാജിവയ്ക്കുന്നതിന് കൃത്യം 12 ദിവസം മുന്പാണ് ധൻകർ പരസ്യമായി പ്രഖ്യാപിച്ചത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം. 2022 ഓഗസ്റ്റിലാണ് 14-ാമത് ഉപരാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം വരെ ജോലികളിൽ സജീവമായിരുന്നശേഷമാണു തിടുക്കത്തിൽ രാത്രി 9.25ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ധൻകർ രാജിക്കത്ത്പുറത്തുവിട്ട് പലരെയും ഞെട്ടിച്ചത്. ഒരു മണിക്കൂറിലേറെ രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തിരിക്കുകയും പിന്നീട് തന്റെ മുറിയിലെത്തി എംപിമാരുമായി സന്തോഷത്തോടെ സജീവമായി ഇടപഴകുകയും ചെയ്തിരുന്നു. രാജസ്ഥാനിൽ ഇന്നു നടക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിരുന്നു.
ഇതിനിടെയാണ് രാജ്യസഭാധ്യക്ഷനെന്ന നിലയിൽ ധൻകർ തിങ്കളാഴ്ച വൈകുന്നേരം വിളിച്ച കാര്യോപദേശക സമിതി യോഗത്തിൽനിന്നു രാജ്യസഭയുടെ നേതാവ് നഡ്ഡയും പാർലമെന്ററികാര്യ മന്ത്രി റിജിജുവും വിട്ടുനിന്നത്. മോദിയും ഷായും നിർദേശിക്കാതെ നഡ്ഡയും റിജിജുവും താൻ വിളിച്ച യോഗം ബഹിഷ്കരിക്കില്ലെന്ന് ധൻകറിനു ബോധ്യമുണ്ടായിരുന്നു. ഉപരാഷ്ട്രപതിയുടെ പദവി അപമാനിക്കപ്പെട്ടതായി അദ്ദേഹത്തിനു തോന്നിയിരിക്കണം.
ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്നു ചാക്കുകളിൽ കെട്ടിസൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത കറൻസി നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ പ്രതിപക്ഷ എംപിമാരുടെ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരുമായി കൂടിയാലോചിക്കാതെ സ്വീകരിച്ചതാണു മോദിയുടെയും ഷായുടെയും അനിഷ്ടത്തിനു കാരണമായതെന്നാണ് പ്രചരിക്കുന്ന പ്രധാന അഭ്യൂഹം. ലോക്സഭയിലെ പ്രമേയത്തിന്മേലുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി ധൻകർ അട്ടിമറിച്ചുവെന്ന് ബിജെപി നേതാക്കൾ സൂചന നൽകി. ലോക്സഭയിലെ പ്രമേയത്തിൽ ബിജെപിയടക്കം ഭരണപക്ഷ എംപിമാർ ഒപ്പുവച്ചിട്ടും രാജ്യസഭയിലെ സമാന പ്രമേയത്തിൽ ബിജെപി എംപിമാർ ഒപ്പുവച്ചിരുന്നില്ല എന്നതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
ഭരണ- പ്രതിപക്ഷ പാർട്ടികളിലെ 149 ലോക്സഭാ എംപിമാർ ഒപ്പുവച്ചപ്പോൾ രാജ്യസഭയിൽ പ്രതിപക്ഷത്തെ 63 എംപിമാർ മാത്രമാണ് ഒപ്പുവച്ചിരുന്നത്. തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി എംപിമാരും പ്രമേയത്തിൽ ഒപ്പുവച്ചിട്ടില്ലെന്നാണു സൂചന. കെട്ടുകണക്കിന് കറൻസിനോട്ടുകൾ പാതികരിഞ്ഞ നിലയിൽ ജഡ്ജിയുടെ വസതിയിൽ നിന്നു കിട്ടിയിട്ടും ജസ്റ്റീസ് വർമയ്ക്കെതിരേ അമിത് ഷായുടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതും ദുരൂഹമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യൂസ് ജെ. നെടുന്പാറ സുപ്രീംകോടതിയെ സമീപിച്ചിട്ടും മറ്റു കാരണങ്ങൾ പറഞ്ഞ് കോടതിയും ഇക്കാര്യത്തിൽ നിർദേശം നൽകാൻ തയാറായില്ല. ജസ്റ്റീസ് വർമയെ അഭിഭാഷകൻ വർമയെന്നു വിളിച്ചുവെന്ന തൊടുന്യായത്തന്റെ പേരിലായിരുന്നു തിങ്കളാഴ്ച കേസ് മാറ്റിയത്.
ഇതേസമയം, വിശ്വഹിന്ദ് പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് വർഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്റ് പ്രമേയത്തിന് സാങ്കേതികത്വം പറഞ്ഞ് ധൻകർ ഇനിയും അനുമതി നൽകിയിട്ടില്ല. യാദവിനെതിരായ പ്രമേയത്തിലെ 55 ഒപ്പുകളിൽ ഒരെണ്ണം ഇരട്ടിപ്പാണെന്നും ഒപ്പിട്ടയാൾ അതിൽ ഒരൊപ്പു മാത്രമാണു തന്റേതെന്നു സ്ഥിരീകരിച്ചതുമെന്നുമാണ് ധൻകർ തിങ്കളാഴ്ച രാജ്യസഭയിൽ പറഞ്ഞത്. ഫലത്തിൽ ജസ്റ്റീസ് വർമയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം സ്വീകരിക്കുകയും കഴിഞ്ഞ ഡിസംബറിൽ ജസ്റ്റീസ് യാദവിനെതിരേയുള്ള പ്രമേയത്തിൽ തീരുമാനം നീട്ടുകയും ചെയ്തു. ആർഎസ്എസ് താത്പര്യമാണു യാദവിനെ പുറത്താക്കാനുള്ള പ്രമേയത്തിന്മേൽ നടപടി നീട്ടുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
Tags : Jagdeep Dhankhar'