ADVERTISEMENT
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന സുപ്രീംകോടതിയുടെ ചോദ്യം തങ്ങളോടാണെന്ന് കേന്ദ്രത്തിനറിയാം. പക്ഷേ, ആ ദുരുപയോഗത്തിന്റെ രാഷ്ട്രീയനേട്ടം ചെറുതല്ലെന്നറിയാവുന്നതിനാൽ തിരുത്തുമോയെന്നറിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും വർഷങ്ങളായി ചൂണ്ടിക്കാണിച്ചിരുന്ന യാഥാർഥ്യങ്ങളാണ് കുറച്ചുനാളായി കോടതികളും ആവർത്തിക്കുന്നത്. പ്രതിപക്ഷം ഏറെ ശോഷിച്ച അവസ്ഥയിലായതിനാൽ ഉടനെയൊന്നും അധികാരമൊഴിയേണ്ടി വരില്ലെന്നും ഇതേ അന്വേഷണ ഏജൻസികളാൽ തങ്ങൾ വേട്ടയാടപ്പെടില്ലെന്നും ബിജെപി കരുതുന്നുണ്ടാകും. അതെന്തായാലും, പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. ആ മുന്നറിയിപ്പ് കോടതികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇഡിയുടെ ഗുണഭോക്താക്കൾ അധികാരത്തിലുള്ളവരാണ്.
രണ്ടു കേസുകളിലാണ് സുപ്രീംകോടതി അന്വേഷണ ഏജൻസിക്കെതിരേ ആഞ്ഞടിച്ചത്. ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരേയും കർണാടക മന്ത്രി ബൈരതി സുരേഷിനെതിരേയും ഇഡി അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഇഡിയുടെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്. “രാഷ്ട്രീയപോരാട്ടങ്ങൾ വോട്ടർമാർക്കിടയിൽ നടക്കട്ടെ. ഇഡിയെ അതിനായി എന്തിന് ഉപയോഗിക്കണം?’’ മറ്റൊരു കേസിലും ഇഡിയെ ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ ഇതേ ബെഞ്ച് ചോദ്യം ചെയ്തു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് ഉപദേശം നൽകിയതിനു സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച കേസായിരുന്നു അത്. “അഭിഭാഷകരും കക്ഷികളുമായുള്ള ആശയവിനിമയം അവകാശമാണ്. അതിന്റെ പേരിൽ എങ്ങനെയാണ് നോട്ടീസ് അയയ്ക്കുന്നത്? പല കേസുകളിലും ഇഡി ഉദ്യോഗസ്ഥർ എല്ലാ പരിധികളും ലംഘിക്കുകയാണ്.’’ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
സർക്കാരിനെയും ഇഡിയെയും വെള്ളപൂശാനുള്ള ശ്രമം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല. കേന്ദ്ര ഏജൻസിക്കെതിരേ വികാരമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നുമാണ് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിക്കെതിരായ അപവാദപ്രചാരണം കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു. പുറത്തുനിന്നുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുത്ത ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ തുഷാർ മേത്തയെ ചീഫ് ജസ്റ്റീസ് വെല്ലുവിളിച്ചു. കഴിഞ്ഞ മേയിൽ, തമിഴ്നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു. മേയിൽതന്നെ, ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ പ്രതിയായ അരവിന്ദ് സിംഗിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, കൃത്യമായ തെളിവില്ലെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ് എന്നാണ്. 1956ൽ രൂപംകൊണ്ടതിനുശേഷം ഇഡിയുടെ വിശ്വാസ്യത ഇത്ര നഷ്ടമായ കാലം ഉണ്ടായിട്ടില്ല.
പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും അധികാരത്തിലുള്ളവർ ദുരുപയോഗിക്കുന്നത് ഇന്ത്യയിൽ പുതിയ കാര്യമൊന്നുമല്ല. പക്ഷേ, രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസികളെ പോഷകസംഘടനകൾപോലെ ബിജെപി അപഹാസ്യമാക്കിക്കളഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളിൽ രണ്ടെണ്ണത്തിലാണ് കുറ്റക്കാർക്കെതിരേ ശിക്ഷാനടപടിയുണ്ടായത്. 138 കേസുകളും 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചു വർഷത്തിനിടെ എടുത്തതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പ്രോസിക്യൂഷന് നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. 2024-25 സാമ്പത്തികവർഷം 30 കേസുകളിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്കു തിരിച്ചുനൽകിയെന്ന് ഇഡിയുടെ വാർഷിക അവലോകന റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാർ തിരുത്തുമോയെന്നത് അവരുടെ രാഷ്ട്രീയപ്രബുദ്ധതയുടെയും ജനാധിപത്യബോധത്തിന്റെയും അഴിമതിവിരുദ്ധതയുടെയും കാര്യമാണ്. പക്ഷേ, തിരുത്തുന്നില്ലെങ്കിൽ ഇതേക്കുറിച്ചൊക്കെയുള്ള അവകാശവാദങ്ങൾ കൈയൊഴിയാനുള്ള സത്യസന്ധത കാണിക്കണം.
Tags :