ADVERTISEMENT
തിരുവനന്തപുരം: ചാറ്റല്‍മഴയുടെ അകമ്പടിയില്‍ പട്ടം എസ്യുടി ആശുപത്രിയില്‍നിന്നു വിഎസിന്റെ മരണവാര്‍ത്ത പുറത്തുവന്നപ്പോഴേക്കും ആശുപത്രി പരിസരം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം പുറത്തുവന്നത്. അതോടെ ആശുപത്രിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. ഉച്ചകഴിഞ്ഞ് 3.20ന് ആയിരുന്നു മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിഎസിന്റെ മരണം സ്ഥിരീകരിച്ചത്. എന്നാല്‍ നാലുമണിക്കു ശേഷമാണ് മരണവാര്‍ത്ത പുറത്തു വന്നത്. മൂന്നരയോടെ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘം ആശുപത്രിയില്‍ തമ്പടിച്ചു.
വിഎസിന്റെ മരണ വാര്‍ത്ത പുറത്തു വന്നപ്പോഴേക്കും മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, ഡിജിപി രവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വിഎസിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പരന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു കൊല്ലത്തായിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ആശുപത്രിയിലെത്തി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, റോഷി അഗസ്റ്റിന് തുടങ്ങിയവരും ആശുപത്രിയിലേക്ക് എത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണന്, പുത്തലത്ത് ദിനേശന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്, സിപിഐ നേതാവ് സി. ദിവാകരന് തുടങ്ങിയവരും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പിന്നാലെ നിരവധി പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നു. വിഎസിന്റെ ചേതനയറ്റ ശരീരം പുറത്തേക്കു കൊണ്ടുവരുന്നതിനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഒടുവില്‍ 6.45ഓടെ അദ്ദേഹത്തന്റെ മൃതദേഹം ആശുപത്രിയില്‍നിന്നു പുറത്തേക്ക് കൊണ്ടുവന്നു. എന്നും ആള്‍ക്കൂട്ടത്തോടൊപ്പം നടന്ന വിഎസിന്റെ ചേതനയറ്റ ശരീരം പുറത്തേക്ക് എത്തിച്ചപ്പോള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുവന്നവരുടെ ചുണ്ടില്‍നിന്നു നിരവധി തവണ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കണ്ണേ കരളേ വിഎസേ...
6.50ഓടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങിയപ്പോഴേക്കും പട്ടം എസ്യുടി ആശുപത്രി പരിസരം ആളുകളെ ക്കൊണ്ടു നിറഞ്ഞിരുന്നു. വിഎസിനെ ഒരുനോക്കു കാണാന്‍ ആശുപത്രി ജീവനക്കാരും രോഗികളായി ചികിത്സയില്‍ കഴിയുന്നവരും ജനാലയിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. ആശുപത്രിവളപ്പില്‍ നിന്നു വിഎസിനെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പുറത്തെത്താന്‍ ദീര്ഘനേരമെടുത്തു. പട്ടം ജംഗ്ഷനിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. 15 മിനിറ്റോളം ഇവിടെ ഗതാഗതവും സ്തംഭിച്ചു. പിന്നീട് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ എകെജി സെന്ററിലേക്ക്.
ഏറെ വൈകാരികമായിരുന്നു എകെജി സെന്ററിനു മുന്നില്‍നിന്നുള്ള കാഴ്ചകള്‍. തങ്ങളുടെ പ്രിയനേതാവിന്റെ മൃതദേഹം ഒരു നോക്കു കാണുന്നതിനായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് എകെജി സെന്ററിലും പരിസര പ്രദേശങ്ങളിലുമായി കാത്തുനിന്നത്. ഉയര്‍ന്ന മുദ്രാവാക്യങ്ങൾ പലപ്പോഴും വൈകാരികമായി മാറി. “കണ്ണേ കരളേ വിഎസ്സേ.... ജീവിക്കുന്നു ഞങ്ങളിലൂടെ.... ഇല്ലാ.. ഇല്ല മരിക്കുന്നില്ല...” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും തങ്ങളുടെ പ്രിയനേതാവിന് അശ്രുപൂജയായി അര്‍പ്പിച്ചത്.
എകെജി സെന്ററില്‍ എത്തിച്ച മൃതദേഹത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. വിഎസിന്റെ മകന് വി.എ. അരുണ്‍കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. പാര്‍ട്ടി പതാക പുതപ്പിച്ചതിനുശേഷം നേതാക്കളും പിന്നീട് പ്രവര്‍ത്തകരും അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ്, പതിറ്റാണ്ടുകളോളം തന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന പാര്‍ട്ടി ആസ്ഥാനം അദ്ദേഹത്തിനു വിടചൊല്ലിയത്.
Tags :