ADVERTISEMENT
ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത മകനെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
റോഷൻ നഗർ കോളനി നിവാസിയായ മുഹമ്മദ് നിസാം (40), മക്കളായ മുഹമ്മദ് ദിൽഷാദ് (11), സൈമ പർവീൺ (12) എന്നിവരാണ് മരിച്ചത്.
മദ്യപാന ശീലത്തെച്ചൊല്ലി ഭാര്യ ഖുഷിയുമായി നിസാം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഏകദേശം മൂന്ന് മാസം മുമ്പ്, നിസാമുമായുള്ള വഴക്കിനെത്തുടർന്ന് ഖുഷി വീടു വിട്ടിറങ്ങി സഹോദരിക്കൊപ്പം പോയിരുന്നു.
ഇതിൽ മനംനൊന്ത് ശനിയാഴ്ച രാത്രി നിസാം പാനിയത്തിൽ വിഷവസ്തു കലർത്തി കുട്ടികൾക്ക് കൊടുക്കുകയും പിന്നീട് സ്വയം കുടിക്കുകയും ചെയ്തു. ഇവരുടെ ആരോഗ്യം വഷളാകാൻ തുടങ്ങിയപ്പോൾ, അയൽക്കാർ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സൈമ മരിച്ചിരുന്നു.
ഞായറാഴ്ച ചികിത്സയ്ക്കിടെ നിസാമും മകനും മരിച്ചുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ കൂടെ കൊണ്ടുപോകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ നിസാം അനുവദിച്ചില്ലെന്നും ഖുഷി പോലീസിനോടു പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പല്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ സത്യപ്രകാശ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറി.
Tags :