ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഇടിച്ചിറങ്ങിയപ്പോൾ എട്ടു മാസം മാത്രം പ്രായമുള്ള ധ്യാൻശിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ മനീഷ.
തീഗോളങ്ങളും പുകയും മെഡിക്കൽ കോളജ് ഹോസ്റ്റലിനെ ആവരണം ചെയ്തപ്പോൾ ധ്യാൻശിനെ രക്ഷിക്കണമെന്ന ആ അമ്മയുടെ ദൃഢനിശ്ചയംതന്നെയായിരിക്കണം കുഞ്ഞു ധ്യാൻശിനെ അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാക്കി മാറ്റിയതും. ജൂണ് 12നുണ്ടായ ദുരന്തത്തിൽനിന്നു കവചമായി മാത്രമല്ല, ശരീരത്തിൽ 36 ശതമാനം പൊള്ളലേറ്റ കുഞ്ഞിനു സ്വന്തം ചർമവും നൽകി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് മനീഷ.
ബിജെ മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ വിദ്യാർഥിയായ കപിൽ കഛാഡിയയുടെ ഭാര്യയും മകനുമാണ് മനീഷയും ധ്യാൻശും. വിമാനം ഇടിച്ചിറങ്ങി അപകടമുണ്ടായശേഷം മെഡിക്കൽ കോളജ് റെസിഡൻഷ്യൽ ഹോസ്റ്റലിലെ തങ്ങളുടെ വസതിയിൽ ചൂട് കൂടിവന്നതും ഒരു നിമിഷത്തേക്ക് എല്ലാം ഇരുട്ടിലായതുമാണു മനീഷ ഓർമിക്കുന്നത്. പേടിപ്പെടുത്തുന്ന ആ നിമിഷത്തിൽ മകനെയുമെടുത്ത് പുറത്തേക്കെത്തുക എന്നൊരൊറ്റ ലക്ഷ്യം മായി മനീഷ ധ്യാൻശിനെ നെഞ്ചോടുചേർത്തു പിടിച്ചുകൊണ്ട് തീയുടെയും പുകയുടെയും ഇടയിലൂടെ പുറത്തേക്കോടുകയായിരുന്നു. ഓർത്തെടുക്കാൻ ആഗ്രഹമില്ലാത്ത ആ ദിനം ഇരുവരും അതിജീവിച്ചെങ്കിലും മനീഷയുടെ കൈകളിലും മുഖത്തുമായി 25 ശതമാനവും ധ്യാൻശിന്റെ മുഖത്തും കൈകളിലും നെഞ്ചിലും വയറിലുമായി 36 ശതമാനവും പൊള്ളലേറ്റു.
അപകടത്തിൽനിന്നു രക്ഷപ്പെട്ടതിനുശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കുന്നത് സങ്കീർണമായ പ്രക്രിയയാണെന്ന് ഡോക്ടർമാർ പറഞ്ഞു. മുറിവുകൾ ഭേദമാകാൻ ചർമം മാറ്റിവയ്ക്കൽ ചികിത്സ നിർണായക ആവശ്യമായി മാറിയപ്പോൾ അമ്മതന്നെ തന്റെ ചർമം കുഞ്ഞിനു നൽകാമെന്നറിയിച്ചു. അങ്ങനെ കുഞ്ഞിനു തന്റെ ചർമം നൽകിയതിലൂടെ അക്ഷരാർഥത്തിൽ മനീഷ ഒരിക്കൽകൂടി ധ്യാൻശിനു കവചമായി മാറുകയായിരുന്നു.
Tags : Ahmedabad plane crash