ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിനെ ചോദ്യംചെയ്തുള്ള രാഷ്ട്രപതി യുടെ റഫറൻസിനെതിരേ (പ്രസിഡൻഷ്യൽ റഫറൻസ്) സുപ്രീം കോടതിയിൽ അപേക്ഷ നൽകി കേരളം. സമയപരിധിക്കെതിരേ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്ന 14 ചോദ്യങ്ങളിൽ 11ലും മുൻകാല വിധികളിലൂടെ പരിഹാരമായതാണെന്നും അതിനാൽത്തന്നെ രാഷ്ട്രപതിയുടെ റഫറൻസിന് ഉത്തരം നൽകരുതെന്നുമാണ് കേരളത്തിന്റെ അപേക്ഷ. ഇത്തരമൊരു റഫറൻസ് ഗവർണർമാരെ സംബന്ധിച്ച മുൻ വിധികളെ അടിച്ചമർത്തുന്നതാണെന്നും കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ സി.കെ. ശശി സുപ്രീംകോടതിക്കു മുമ്പാകെ അറിയിച്ചു.
രാഷ്ട്രപതിയുടെ റഫറൻസ് നിർണായക ഭരണഘടനാ വിധികളെ നിയമപരമായി ദുർബലമാക്കുമെന്നും തെറ്റിദ്ധരിപ്പിക്കുമെന്നുമാണ് കേരളത്തിന്റെ പ്രധാന വാദം. രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ പ്രധാനപ്പെട്ട മൂന്ന് കേസിന്റെ വിധികളിലൂടെ തീർപ്പായതാണെന്നാണ് കേരളം നൽകുന്ന വിശദീകരണം. തെലുങ്കാന സർക്കാരും തെലുങ്കാന ഗവർണറുടെ സെക്രട്ടറിയും തമ്മിലും പഞ്ചാബ് സർക്കാരും പഞ്ചാബ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലും തമിഴ്നാട് സർക്കാരും തമിഴ്നാട് ഗവർണരും തമ്മിലുമുള്ള കേസുകളിലെ വിധിയാണ് കേരളം ചൂണ്ടിക്കാട്ടിയത്.
Tags : presidential reference