ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റിൽ നാളെ തുടങ്ങുന്ന ചർച്ച തീപാറുന്ന ഭരണ- പ്രതിപക്ഷ പോരാട്ടത്തിനു വേദിയാകും.
ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ശ്രമിക്കുന്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും പാക്കിസ്ഥാനു തുടർന്നും ലഭിക്കുന്ന വിദേശ പിന്തുണയും ആയുധമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശ്രമിക്കും.
കഴിഞ്ഞ തിങ്കളാഴ്ച വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെന്റ് സ്തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച. ലോക്സഭയിൽ നാളെയും രാജ്യസഭയിൽ ചൊവ്വാഴ്ചയും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ വീതം നീളും. ഇക്കാര്യം ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുസഭകളിലുമായി 32 മണിക്കൂർ നീളുന്ന ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശദമായ മറുപടി പറയുമെന്നാണു സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആകും കേന്ദ്രസർക്കാരിനുവേണ്ടി ചർച്ച ആരംഭിക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖരും സംസാരിക്കുമെന്നാണു പ്രതീക്ഷ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, അഖിലേഷ് യാദവ്, സുപ്രിയ സുലെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിപക്ഷത്തുനിന്നു സംസാരിക്കും.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് അയച്ച സർവകക്ഷി സംഘത്തെ നയിച്ചയാളും പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഡോ. ശശി തരൂരിനെ ഈ ചർച്ചയ്ക്കു കോണ്ഗ്രസ് നിയോഗിക്കുമോയെന്നതു രാഷ്ട്രീയ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തരൂരിനെ ഒഴിവാക്കിയാൽ കോണ്ഗ്രസിനെതിരേ ബിജെപി ഇത് ആയുധമാക്കും. പ്രസംഗകരെ ഇന്നേ തീരുമാനിക്കുകയുള്ളൂവെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിനിടെ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് അർഹരായ ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാനാകില്ലെന്നാണു സർക്കാരിന്റെ വാദം.
പഹൽഗാം, സിന്ദൂർ ചർച്ചയ്ക്കു ശേഷം ബിഹാറിലെ എസ്ഐആർ പ്രശ്നത്തിൽ ചർച്ച കൂടിയേ തീരൂവെന്നു പ്രതിപക്ഷം സംയുക്തമായി ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തിയാണു പാർലമെന്റിലും പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്.
Tags : Lok Sabha