ADVERTISEMENT
കൊച്ചി: മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മത്സബന്ധന യാനങ്ങളില്‍ ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇതിനോടകം മുന്നൂറിലധികം ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിച്ചുകഴിഞ്ഞു.
ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ട്രാന്‍സ്പോണ്ടറുകള്‍ വഴി ഉയര്‍ന്ന തിരമാല, കാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍, സമുദ്രത്തിലെ മത്സ്യസാധ്യതാ മേഖലകള്‍, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകള്‍, തൊട്ടടുത്തുള്ള ഹാര്‍ബറിന്റെ വിവരം, ഹാര്‍ബറിലേക്കുള്ള ദൂരം തുടങ്ങിയ വിവരങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പിലൂടെ ലഭിക്കും.
കടലില്‍ ഉണ്ടാകുന്ന അപകടം സംബന്ധിച്ച അടിയന്തര വിവരങ്ങള്‍ മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ മെസേജുകളായും എത്തും. അപകടസന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ട്രോള് റൂമില്‍ ലഭിക്കും. ഉപഗ്രഹാധിഷ്ഠിത ഉപകരണം ആയതിനാല്‍ ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ല എന്നതും ഉപഗ്രഹത്തിന്റെ സേവനമേഖലയില്‍ എവിടെയും പ്രവര്‍ത്തിക്കാനാകും എന്നതുമാണ് ട്രാന്‍സ്പോണ്ടറിന്റെ സവിശേഷത.
മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ 40 ശതമാനം വിഹിതവും ചേര്‍ത്ത് 100 ശതമാനം സബ്സിഡിയോടെയാണു ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിച്ചുനല്കുന്നത്. ഇവയുടെ നിര്‍മാതാക്കളായ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോര്‍ഡ് സിസ്റ്റംസ് എന്ന കമ്പനിയാണ് സൗജന്യമായി ഈ ഉപകരണം ഘടിപ്പിച്ചു നല്‍കുന്നത്.
ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിക്കാത്ത യാനങ്ങള്‍ക്ക് ഫിഷിംഗ് ലൈസെന്‍സ്, സ്പെഷല്‍ പെര്‍മിറ്റ് എന്നിവ പുതുക്കി നല്‍കില്ലെന്ന് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോള്‍ പറഞ്ഞു.
Tags :