ADVERTISEMENT
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാത്തതും കൈയിൽ പണമില്ലാത്തതുമാണു പിടിക്കപ്പെടാനിടയാക്കിയതെന്നു ഗോവിന്ദച്ചാമിയുടെ മൊഴി. ജയിൽ ചാടിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാതെ ജയിൽ പരിസരത്തെ ഇടറോഡുകളിലൂടെ സഞ്ചരിച്ചു. ചിലരോടു ചോദിച്ചാണു റെയിൽവേ സ്റ്റേഷന്റെ ദിശ മനസിലാക്കിയത്. തുടർന്ന് നടന്നുനീങ്ങിയപ്പോൾ ഒരു ആശുപത്രിക്കടുത്ത് വച്ച് വഴിയെക്കുറിച്ച് സംശയമായി. ഇതിനിടെ വഴി ചോദിച്ചയാൾക്ക് തന്നിൽ സംശയം തോന്നിയിട്ടുണ്ടെന്ന് മനസിലായി.
ഇതോടെ വേഗം നടക്കുന്നതിനിടെ ഇയാൾ പിന്തുടരുന്നതറിഞ്ഞ് ഓടി കാടുപിടിച്ച സ്ഥലത്ത് ഒളിക്കുകയായിരുന്നു. ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്കു പോകാനായിരുന്നു തീരുമാനിച്ചത്. കൈയിൽ പണമില്ലാത്തതിനാൽ മോഷണം നടത്തി കുറച്ചു പണം സ്വരൂപിക്കാൻ ആലോചിച്ചതായും പറയുന്നു. ശിക്ഷായിളവ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണു ജയിൽ ചാട്ടം ആസൂത്രണം ചെയ്തത്. ആറു മാസത്തിലേറെയായി ഇതിനുള്ള പദ്ധതികൾ തയാറാക്കി വരികയായിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തി.
അതിനിടെ, ജയിൽ ജീവനക്കാർക്കെതിരേ ഗുരുതരമായ ആരോപണങ്ങളും മൊഴിയിലുണ്ട്. ജയിലിനകത്ത് ജീവനക്കാർ തങ്ങളുടേതായ ലോകത്താണെന്നും ഏതു സമയത്തും ഫോണിലാണെന്നും മൊഴിയുണ്ട്.
നാലുമാസംകൊണ്ടാണ് സെല്ലിന്റെ ഇരുന്പ് കന്പികൾ മുറിച്ചത്. സെല്ലിനകത്ത് പ്ലേറ്റും ഗ്ലാസും വലിച്ചെറിഞ്ഞും നിലത്തടിച്ചും തുടർച്ചയായി ശബ്ദമുണ്ടാക്കിയിരുന്നു. ആദ്യമൊക്കെ ജീവനക്കാർ ശബ്ദം കേട്ട് നോക്കുമെങ്കിലും പതിവായതോടെ വരാതായി. ഇതിന്റെ മറവിലാണ് സെല്ലിന്റെ കന്പികൾ മുറിച്ചത്. ഹാക്സോ ബ്ലേഡ് ജയിൽ വർക്ക്ഷോപ്പിൽനിന്ന് സംഘടിപ്പിക്കുകയായിരുന്നു. കന്പികൾ മുറിച്ചു മാറ്റിയിട്ടും ആരും അറിഞ്ഞിരുന്നില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്.
Tags : govindachami