ADVERTISEMENT
ഭുവനേശ്വർ: ഒഡീഷയിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഉദിത് പ്രധാൻ അറസ്റ്റിൽ.
19കാരിയായ എഞ്ചിനിയറിംഗ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. മാർച്ചിൽ ഒരു ഹോട്ടൽ മുറിയിൽ വച്ച് പ്രധാൻ തന്നെ മയക്കുമരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
മാർച്ച് 18 ന് ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ ചൗക്കിൽ വച്ച് രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടിയതായി വിദ്യാർഥിനി പരാതിയിൽ പറയുന്നു. ഒരു കാറിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഉദിത് പ്രധാൻ തങ്ങളെ സമീപിച്ചുവെന്നും താൻ ഒഡീഷയിലെ എൻഎസ്യു പ്രസിഡന്റാണെന്ന് പറഞ്ഞതായും പെൺകുട്ടി പറഞ്ഞു.
"കാറിൽ വച്ച് അയാൾ എന്നെ മോശമായി സ്പർശിച്ചു. പിന്നീട് അവർ എന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. തുടർന്ന് ഒരു മുറിയിൽ കയറി മദ്യപിക്കാൻ തുടങ്ങി. ഞാൻ മദ്യപിക്കാറില്ല, അതിനാൽ ഞാൻ വിസമ്മതിച്ചു. ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് തണുത്ത പാനീയം തന്നു. ഞാൻ അത് കുടിച്ചപ്പോൾ എനിക്ക് തലകറക്കം അനുഭവപ്പെട്ടു. എന്നെ വീട്ടിൽ വിടാൻ അവരോട് ആവശ്യപ്പെട്ടു. തുടർന്ന് ഞാൻ ബോധംകെട്ടു വീണു. ബോധം വീണ്ടെടുത്തപ്പോൾ, ഉദിത് പ്രധാൻ എന്റെ അടുത്ത് കിടക്കുന്നത് ഞാൻ കണ്ടു. എനിക്ക് വേദന അനുഭവപ്പെട്ടു, എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി'-പെൺകുട്ടി പരാതിയിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ ഒഡീഷയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഈ സംഭവം.
Tags :