ADVERTISEMENT
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇന്ന് പുറത്തിറക്കും. വിനീതിന്റെ ആദ്യസംവിധാനസംരംഭമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് 15 വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടുന്നത്. 2010 ജൂണ്‍ 16-നാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് പുറത്തിറങ്ങിയത്.
2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. ഒരുപാട് നല്ല ഓര്‍മ്മകള്‍, മറക്കാനാവാത്ത അനുഭവങ്ങള്‍... സംവിധായകന് എന്ന നിലയില്‍ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്.
ഈ സിനിമ, എന്റെ പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണര്‍ ത്രില്ലറാണ്. കൂടുതല്‍ അപ്ഡേറ്റ്സ് പിന്നാലെ. വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ചെന്നൈ ഇല്ല, ഉറപ്പിക്കാം എന്നായിരുന്നു വിനീതിന്റെ മറുപടി.
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നോബിൾ ബാബുവാണ് നായകൻ. മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾക്ക് ശേഷം മെരിലാൻഡിന്റെ തിരിച്ചുവരവിൽ ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. തിര എന്ന ചിത്രത്തിന് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ സിനിമയാണിത്.
ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രി പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയത്.
ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടന്നത്.
പൂജ റിലീസായി സെപ്റ്റംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം.
തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും ഒരുമിക്കുന്ന ചിത്രമാണിത്.
രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്റെ രചയിതാക്കളിൽ ഒരാളായിരുന്നു. ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്.
ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സംവിധായകൻ കെ. മധുവിന്റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്ലി സബനാഡ്സെ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്.
Tags : vineeth sreenivasan thrillermovie