ADVERTISEMENT
തിരുവനന്തപുരം: തദ്ദേശ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം തേടിയതിലൂടെയാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന് സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും വോട്ടുകള്‍ പട്ടികയിലില്ല. മൂന്നും നാലും വര്‍ഷം മുമ്പ് മരിച്ചവരുടെ പേരുകള്‍ പോലും പട്ടികയിലുണ്ട്. ഒരു വീട്ടിലുള്ളവരുടെ വോട്ട് പോലും പല വാര്‍ഡുകളിലായാണ്. ഒരു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ ഒന്നിലധികം വോട്ടുകളുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സതീശന് പറഞ്ഞു.
പഞ്ചായത്തീരാജ് നിയമം അനുസരിച്ച് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതിവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നാണ്. എന്നാല്‍ നിലവില്‍ ഇത് 15 ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് എന്തിനാണെന്നും സതീശന് ചോദിച്ചു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറച്ചു. രാത്രി പത്തായാലും പോളിംഗ് തീരാത്ത അവസ്ഥാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കമ്മീഷന് നടത്തുന്നത്. ഇത് മാറ്റാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Tags : vd satheeshan