ADVERTISEMENT
മുണ്ടക്കയം: ബൈപാസ് റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറി വശത്തേക്ക് ചെരിഞ്ഞു. കുഴിയിലേക്ക് താഴ്ന്ന ലോറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉയർത്തി.
മുണ്ടക്കയം ബൈപാസ് റോഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. റബർത്തടിയുമായി വന്ന ലോറി ബൈപാസ് റോഡിന്റെ വശത്ത് പാർക്ക് ചെയ്യുകയായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞ് ലോറി അപകടാവസ്ഥയിലായതിനെത്തുടർന്ന് ഇവിടെനിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബൈപാസ് റോഡിന്റെ വശത്തെ കോൺക്രീറ്റിംഗ് പൊട്ടി ലോറിയുടെ പിൻഭാഗത്തെ ടയറുകൾ കുഴിയിലേക്ക് താഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ വേ ബ്രിഡ്ജിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെത്തി വടം ഉപയോഗിച്ച് ലോറി കെട്ടിനിർത്തുകയായിരുന്നു. പിന്നീട് രണ്ടു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ലോറി കുഴിയിൽനിന്ന് കയറ്റി.
ലോറിയുടെ പിൻഭാഗം താഴ്ന്ന റോഡിന്റെ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. രാത്രിയിൽ മറ്റ് വാഹനങ്ങൾ ഈ കുഴിയിൽ ചാടി അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ വശങ്ങളിൽ അനധികൃതമായി തടി കൂട്ടിയിടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാൻ അധികാരികൾ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
Tags :