ADVERTISEMENT
ജയ്പുർ: രാജസ്ഥാനിൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് പരിക്ക്. ടോങ്കിലെ ബനസ്തലി വിദ്യാപീഠിലാണ് സംഭവം.
ഹരിയാന സ്വദേശിനിയായ ഒന്നാം വർഷ എംബിഎ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
ഹോസ്റ്റലിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ശീതളപാനീയത്തിലും കേക്കിലും മയക്കുമരുന്ന് കലർത്തി നൽകിയതായി മകൾ പറഞ്ഞുവെന്നും ഇവർ പരാതിയിൽ വ്യക്തമാക്കി.
ജൂലൈ 22ന് വീട്ടിലേക്ക് വിളിച്ച വിദ്യാർഥിനി, മയക്കുമരുന്നിനെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. കൂടാതെ, തന്നെ ഭീഷണിപ്പെടുത്തുന്നതിനായി ഒരു വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
മറ്റ് വിദ്യാർഥിനികൾ മകളെ മർദിച്ചുവെന്നും ഇത് മകളുടെ മാനസിക നില തെറ്റിച്ചുവെന്നും എഫ്ഐആറിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്. മകൾ പറഞ്ഞ ആരോപണങ്ങളെക്കുറിച്ച് അറിയിക്കാൻ കോളജ്, ഹോസ്റ്റൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിച്ചില്ലെന്നും മാതാപിതാക്കൾ പറയുന്നു.
ആരോപണങ്ങളോട് സർവകലാശാല പ്രതികരിച്ചിട്ടില്ല, എന്നാൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് ഇക്കാര്യം അന്വേഷിക്കാൻ കോട്ട കളക്ടർ കൽപ്പന അഗർവാൾ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടവും കേസ് അന്വേഷിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
Tags :