ADVERTISEMENT
കോഴിക്കോട്: വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മലാപ്പപറമ്പ് പെൺവാണിഭക്കേസിൽ പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ആലോചിക്കുന്നു.നിലവില്‍ പ്രതികള്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രതികളായ പോലീസ് ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോലീസിലെ ഉന്നതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന.
പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ഭൂമി ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുകൊണ്ടായിരിക്കും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഭൂമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.നിലവില്‍ രണ്ടുപേരും സസ്പെന്‍ഷനിലാണ്. കൂടുതല്‍ വകുപ്പുതല നടപടിയും അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.
പെണ്‍കുട്ടികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുറ്റത്തിനു മനുഷ്യകടത്തുമയി ബന്ധപ്പെട്ട കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല. കേസില്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദം അന്വേഷണത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം.
അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ന്ന് ലഭിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. സേനയിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത് (42), കെ. സനിത്ത് (45) എന്നിവരെയാണ് ‘ഓപ്പറേഷൻ ഹെയർപിൻ’ എന്നുപേരിട്ട അന്വേഷണത്തിനൊടുവിൽ താമരശേരി കോരങ്ങാടുനിന്ന് പിടികൂടിയത്. കേസിൽ പ്രതി ചേർത്തപ്പോൾ ജാമ്യം കിട്ടുന്ന വകുപ്പുകളായിട്ടുപോലും പ്രതികൾ ഒളിവിൽ പോയത് പോലീസിന്റെ നാണക്കേട് ഇരട്ടിയാക്കി.ഇതുകൂടി മനസില്‍വച്ചുകൊണ്ട് കുറ്റമറ്റ അന്വേഷണം നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
Tags : malaparambu sex racket case accused police officers