ADVERTISEMENT
കോട്ടയം: വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനപ്രസംഗം പ്രതീക്ഷിച്ചിരുന്ന മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു മുന്നിലേക്ക് മന്ത്രി വി.എന്‍. വാസവന് കവിത കൊണ്ടൊരു ചോദ്യമെറിഞ്ഞു.
മന്ത്രി ക്വിസ് മാസ്റ്ററാകുന്നതും കവിത ചൊല്ലി ചോദ്യം ചോദിക്കുന്നതും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ‘ശടപടാ’ ഉത്തരങ്ങള്‍ പറഞ്ഞുതുടങ്ങിയതോടെ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വായനയുടെയും അറിവിന്റെയും മലയാള കവിതകളുടെയും ആഘോഷവേദിയായി. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞവര്‍ക്കെല്ലാം വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് ഒരുക്കിയ ട്രോഫികള്‍ അപ്പോള്‍ത്തന്നെ മന്ത്രി കൈമാറുകയും ചെയ്തു.
ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവ ഗാനം മഴമേഘങ്ങള്‍ പന്തലൊരുക്കിയ പുതുവര്‍ഷത്തിന് പൂന്തോപ്പില്‍ കളിമേളങ്ങള്‍ വര്‍ണം വിതറിയൊരവധിക്കാലം മായുന്നു എന്നു തുടങ്ങുന്ന കവിത ഈണത്തില്‍ പാടി അതെഴുതിയത് ആരെന്നറിയാമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം വിട്ടു കവിതകളുടെ ലോകത്തേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോയത്.
പിന്നെ വളളത്തോളിന്റെയും വയലാറിന്റെയും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ഒഎന്‍വിയുടെയും കവിതകള്‍ വരികള്‍ തെറ്റാതെ ഈണത്തിലും താളത്തിലും ചൊല്ലി മന്ത്രി ചോദ്യങ്ങള്‍ ചോദിച്ചു. കുട്ടികളും രക്ഷിതാക്കളും മത്സരിച്ച് ഉത്തരം പറഞ്ഞു സമ്മാനങ്ങളും നേടി. പതിനെട്ടു ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറഞ്ഞവര്‍ക്കെല്ലാം ട്രോഫിയും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
Tags :