ADVERTISEMENT
ചങ്ങനാശേരി: മറ്റു റേഷന്‍ സാധനങ്ങള്‍ റേഷന്‍കടകളില്‍ എത്തിക്കുന്നതുപോലെ മണ്ണെണ്ണയും സപ്ലൈകോ എത്തിക്കാത്തപക്ഷം മണ്ണെണ്ണ വ്യാപാരം നടത്തേണ്ടതില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് സമ്മേളനത്തില്‍ തീരുമാനം.
ചങ്ങനാശേരി താലൂക്കില്‍ മണ്ണെണ്ണ മൊത്തക്കച്ചവട സ്ഥാപനങ്ങളില്ലാത്തതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ എത്തി മണ്ണെണ്ണ എടുക്കേണ്ടിവരുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അതിനാല്‍, അതത് പഞ്ചായത്ത് പരിധികളിലെങ്കിലും മണ്ണെണ്ണ എത്തിച്ച് നല്‍കേണ്ട ബാധ്യത സിവില്‍ സപ്ലൈസ് വകുപ്പിനുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
രണ്ടുമാസം മുമ്പു നടത്തിയ ചര്‍ച്ചയില്‍ മണ്ണെണ്ണ വിതരണത്തിനു 10 രൂപ കമ്മീഷന് വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഏഴു രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അത് ആറ് രൂപയാക്കി. അതേസമയം, മൊത്തവ്യാപാരികള്‍ക്ക് മിനിമം 350 രൂപയായിരുന്നത് 500 രൂപയായും കിലോമീറ്ററിന് ആനുപാതികമായ തോതിലുള്ള വര്‍ധനയും ലീക്കേജും ഷോര്‍ട്ടേജും അനുവദിച്ചിട്ടുമുണ്ടെങ്കിലും റേഷന്‍ റീട്ടെയില്‍ കച്ചവടക്കാരോട് സര്‍ക്കാര്‍ നീതി കാട്ടുന്നില്ലെന്നും യോഗം വിലയിരുത്തി.
ആര്ക്കാലിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.ആര്. രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബാബു ചെറിയാന്, സേവ്യര്‍ ജയിംസ്, മോഹനന്‍പിള്ള, ജോസ് കാവനാട്, കെ. ശിശുപാലന്, വി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
താലൂക്ക് പ്രസിഡന്റായി ടി.ആര്. രമേശ്കുമാര്‍, സെക്രട്ടറി സനില്‍ മാത്യു, ട്രഷറര്‍ പി.യു. ജോണ്സണ് എന്നിവരെ തെരഞ്ഞെടുത്തു.
Tags : Ration Dealers Kottayam