ADVERTISEMENT
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുതുരുത്ത് ഭാഗത്തു വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ ചേർത്തല പാണാവള്ളി കൊറ്റപ്പള്ളിയിൽ കണ്ണനെന്ന് വിളിക്കുന്ന സുമേഷി(45) നായി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച സന്ധ്യയ്ക്ക് അവസാനിപ്പിച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ചേർത്തല പാണാവള്ളിയിൽ നിന്നു വള്ളത്തിൽ വന്നവർ സംസ്കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്.
മരണവീട്ടിൽ നിന്നു 23 പേരുമായി വന്ന എഞ്ചിൻ ഘടിപ്പിച്ച വള്ളം 100 മീറ്ററോളം മുന്നോട്ടു പോയപ്പോൾ അതിശക്തമായി വീശിയ കാറ്റിനൊപ്പം ഉയർന്ന തിര വള്ളത്തിലേക്ക് വെള്ളം കയറ്റി. നിമിഷങ്ങൾക്കകം വള്ളം മുങ്ങിത്താണു.
സ്ത്രീകളും കൗമാരക്കാരനുമടക്കം 22പേരെ കക്കവാരൽത്തൊഴിലാളികളായ പെരുമ്പളം സ്വദേശി ശിവൻ, നടുത്തുരുത്തുകാരായ ചന്ദ്രൻ, രാമചന്ദ്രൻ എന്നിവർ രക്ഷിച്ചിരുന്നു. ചേർത്തല പാണാവള്ളി കൊറ്റപ്പള്ളിയിൽ കണ്ണനെന്ന് വിളിക്കുന്ന സുമേഷും(45) അയൽക്കാരനായ അനിക്കുട്ടനും കരയിലേക്ക് നീന്തിയെങ്കിലും സുമേഷിനെ കാണാതായി. അനിക്കുട്ടനെ നിലവിളികേട്ട് വള്ളത്തിലെത്തിയ ആൾ രക്ഷിച്ചു.
കായലിലെത്തുന്നതിനുമുമ്പ് വള്ളം മുങ്ങിയത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് ആൾനാശം കുറച്ചത്. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട മൂന്നുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ബോട്ടിൽ പാണാവള്ളിയിൽ എത്തിച്ചു.
Tags : Boat Accident