ADVERTISEMENT
സ്ക്രീൻ അഡിക്ഷൻ, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ ആസക്തി വരുത്തിവെക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന മലയാള ചിത്രം 'ഈ വലയം' നാളെ (ജൂൺ 13) തിയേറ്ററുകളിലെത്തും. നോമോഫോബിയ (മൊബൈൽ ഫോൺ ഇല്ലാത്തതിലുള്ള ഭയം) വിഷയമാക്കുന്ന ആദ്യ മലയാള സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കുട്ടികളും രക്ഷിതാക്കളും പ്രധാനമായും ലക്ഷ്യമിടുന്ന ഈ ചിത്രം, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഗൗരവമായ ചിന്തകൾക്ക് വഴിയൊരുക്കും.
രേവതി എസ്. വർമ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ GDSN എൻ്റർടൈൻമെൻ്റ്സ് ആണ് റിലീസ് ചെയ്യുന്നത്. നവാഗതയായ ആഷ്ലി ഉഷയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, ശ്രിന്ദ, മാധവ് ഇളയിടം തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. രഫീഖ് അഹമ്മദ് ഗാനരചന നിർവഹിക്കുകയും ജെറി അമൽദേവ് സംഗീതം പകരുകയും ചെയ്ത രണ്ട് ഗാനങ്ങൾ ചിത്രത്തിലുണ്ട്. സന്തോഷ് വർമ്മ എഴുതിയ മറ്റൊരു ഗാനത്തിന് എബി സാൽവിൻ തോമസ് ഈണം നൽകി.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രസക്തി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്. നാളെ കൊച്ചിയിൽ അധ്യാപകർ, മാനസികാരോഗ്യ വിദഗ്ധർ, രക്ഷാകർതൃ സംഘടനകൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്ന കാലഘട്ടത്തിൽ ഈ ചിത്രത്തിന് വലിയ പ്രസക്തിയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Tags :