ADVERTISEMENT
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന 'ആട്' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'ആട് 3' ഒരുങ്ങുന്നു. ഈ വമ്പൻ ചിത്രത്തിനായി വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും കൈകോർക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമെത്തി. മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും.
ഗുണമേന്മയുള്ള ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന കാവ്യാ ഫിലിം കമ്പനി 'ആട്' പരമ്പരയിലേക്ക് കടന്നുവരുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഏറ്റവും കൂടുതൽ നവാഗത സംവിധായകരെ പരിചയപ്പെടുത്തിയ ബാനറാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇതിനോടകം 22 ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് 'ആട് 3'. 'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നിവയ്ക്ക് ശേഷം ഫാന്റസി വിഭാഗത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, ശ്രിന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പം നിരവധി സർപ്രൈസ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. 2025 ക്രിസ്മസ് റിലീസായിട്ടാണ് 'ആട് 3' പ്ലാൻ ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Tags :