ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.
നവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.
കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.