സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന (എസ്ഐആർ) നടത്തുന്നതിന് സാധുവായ രേഖകളുടെ പട്ടികയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം നടപ്പാക്കുന്നത്. എന്നാൽ നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വോട്ടർ ഐഡി കാർഡുകൾ നിർമിച്ചിരിക്കുന്നത്. അതിനാൽ വോട്ടർപട്ടിക തന്നെ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ വോട്ടർ ഐഡി കാർഡുകൾ ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയ രേഖകളിൽ ആധാർ, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം നേരത്തെ സുപ്രീംകോടതി തേടിയിരുന്നു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും അതിനാൽ സാധുവായ രേഖകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം മാർച്ചിൽ കേന്ദ്രസർക്കാർ അഞ്ചു കോടി വ്യാജ റേഷൻ കാർഡുകൾ നീക്കം ചെയ്തു. വ്യാജ റേഷൻ കാർഡുകളുടെ വ്യാപനം കൂടിയതിനാൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന നടത്തുന്നതിന് ഇതു സാധുവായ രേഖയായി പരിഗണിക്കാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 28 ന് കോടതി വാദം കേൾക്കും.