പാലക്കാട്: ഒറ്റപ്പാലം മനിശേരിയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. മനിശേരി സ്വദേശി കിരണും മകൻ കിഷനും(ഒന്പത്) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷമാണ് കിരൺ ജീവനൊടുക്കിയത്. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മരണവും അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
പ്രവാസിയായ കിരണിന്റെ ഭാര്യ അഖിനയെ മേയിൽ ഇതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ മരണ ശേഷം ജൂണിൽ വിദേശത്തേക്ക് പോയ കിരൺ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
തുടർന്ന് സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി രാവിലെ മനിശേരിയിലെ വീട്ടിലെത്തി. പിന്നീട് വൈകിട്ട് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.