കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 ല്‍നിന്നുള്ള എണ്ണ വീണ്ടെടുക്കലടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആദ്യം ആരംഭിച്ചേക്കും. ഇതിനായി സ്മിറ്റ് സാല്‍വേജിന്റെ നേതൃത്വത്തിലുള്ള 30 അംഗ ദൗത്യസംഘം പരിശീലനത്തിലാണ്.
ഡൈവ് സപ്പോര്‍ട്ട് വെസ്സലും സജ്ജമാണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വെസലും ദൗത്യസംഘവും വൈകാതെ എത്തും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിലവില്‍ പുതിയ എണ്ണപ്പാട കണ്ടെത്തിയിട്ടില്ല. എണ്ണപ്പാട കണ്ടെത്താന്‍ കനറ മേഘ കപ്പല്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. അതിനിടെ കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്നത് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് 350 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കി. രാമേശ്വരത്തുനിന്ന് 200 ടണ്ണും കന്യാകുമാരിയില്‍നിന്ന് 50 ടണ്ണും നീക്കി.
വാന്‍ഹായ് 503 ലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു
ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി. കപ്പല്‍ മുങ്ങുമെന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.തീ പൂർണമായും അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്.