പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജില്ലയിൽ പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മന്ത്രിയുടെ വീട്ടിലേക്കുൾപ്പെടെ ഇന്നലെയും സമരം നടന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈകുന്നേരം കപ്പലും കപ്പിത്താനുമായി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വീണാ ജോർജിന്റെയും മുഖംമൂടി ധരിച്ച് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു പ്രകടനം. കപ്പൽ ഉരുട്ടിയുള്ള സമരം നഗരത്തിനു പുതുമയായി.
ഇതിനിടെ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിൽ ചുവരുകളിൽ തൂണു നാട്ടി പ്രതിഷേധിച്ചു.
ശോച്യാവസ്ഥ കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട് . കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണുകളുമായി എത്തി കെട്ടിടത്തിന് താങ്ങു കൊടുത്ത് നിർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂർ, ബാബുജി ഈശോ, അബ്ദുൽ ഷുക്കൂർ, അജ്മൽ കരിം, സജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.