പള്ളിക്കത്തോട്: റോഡിലെ ടാറിംഗിന്റെ കട്ടിംഗ് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയാകുന്നു. പള്ളിക്കത്തോട് ടൗണിൽ കോട്ടയം റോഡിലാണ് ടാറിംഗ് അരികിലെ കട്ടിംഗ് ഭീഷണിയായി മാറിയിരിക്കുന്നത്.
റീ ടാറിംഗ് കഴിഞ്ഞപ്പോൾ ഒരടിയോളം റോഡ് ഉയർന്നതാണ് പ്രശ്നമായത്. കുഴി കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ടു നികത്തിയത് മഴ ആരംഭിച്ചതോടെ വെള്ളമൊഴുകി മണ്ണൊലിച്ചു പോയി. ഇപ്പോൾ മിറ്റിലിളികി കുഴിഞ്ഞു കിടക്കുന്ന ഇവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വീണു പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനയാത്രികരും അപകടത്തിൽപ്പെടുന്നു.
പിഡബ്ല്യുഡി അധികൃതരും പഞ്ചായത്തും പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നും അപകടാവസ്ഥ ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിയന്തര പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സജി ആക്കിമാട്ടേൽ പറഞ്ഞു. റോയപ്പൻ കരിപ്പാപറമ്പിൽ, ജോസ് തയ്യിൽ, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.