തൃശൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഇന്നലെ ഉച്ചയോടെ വിയ്യൂരിലുള്ള അതീവസുരക്ഷാജയിലിൽ എത്തിച്ചു. ഗോവിന്ദച്ചാമിയെയുംകൊണ്ടുള്ള പോലീസ് വാഹനം കണ്ണൂരിൽനിന്നു രാവിലെ ഏഴരയ്ക്കാണ് വിയ്യൂരിലേക്കു പുറപ്പെട്ടത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ജയിലിനു മുന്നിലും റോഡിലും വൻപോലീസ് സംഘവും വലിയ മാധ്യമപ്പടയുമുണ്ടായിരുന്നു. ജയിലിനുമുന്നിൽ കാത്തുനിന്നിരുന്ന മാധ്യമപ്രവർത്തകരെ മറികടന്ന് അമിതവേഗത്തിലാണ് വാഹനം ജയിൽ വളപ്പിലേക്കു പോയത്.
പുറത്തിറങ്ങാൻ അനുവാദമില്ല
ജയിലിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗോവിന്ദച്ചാമിയെ ഏകാന്തതടവിനുള്ള സെല്ലിലേക്കു മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയതിനു പിന്നാലെയാണു ഗോവിന്ദച്ചാമിയുടെ ജയിൽമാറ്റം. ഏകാന്തതടവിലാണ് ഇനി ഇയാളെ പാർപ്പിക്കുക. ഇവിടെ തടവുകാർക്കു പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണത്തിനും പുറത്തിറങ്ങാനാവില്ല. ഭക്ഷണം സെല്ലിൽ എത്തിച്ചുനൽകും.
കോടതി നടപടികൾക്കായിപ്പോലും തടവുകാരെ പുറത്തിറക്കാതിരിക്കാൻ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിൽ വീഡിയോ കോണ്ഫറൻസിംഗ് സംവിധാനത്തിലൂടെ വിചാരണ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. റഫറൽ ആശുപത്രികളിലേക്കു നേരിട്ടു കൊണ്ടുപോകാതിരിക്കാൻ ടെലിമെഡിസിൻ സംവിധാനവുമുണ്ട്.
ഗോവിന്ദച്ചാമി- 126
536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോഴുള്ളത് 255 കൊടുംകുറ്റവാളികളാണ്. 126-ാമത് തടവുകാരനായാണ് ഗോവിന്ദച്ചാമി എത്തിയത്. 4.2 മീറ്ററാണ് അതീവസുരക്ഷാ ജയിലിലെ സെല്ലുകളുടെ ഉയരം. പുറത്ത് ആറുമീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിൽ മതിൽ, ഇതിനുമുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതവേലി, മതിലിനു പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാലു വാച്ച് ടവറുകളും അതിൽ നൈറ്റ് വിഷൻ ബൈനോക്കുലറും ഹൈ ബീം സർച്ച് ലൈറ്റ്, വാക്കി ടോക്കി സജ്ജീകരണങ്ങളോടെ ആയുധധാരികളായ ഗാർഡുകൾ എന്നിവയുണ്ടാകും. 250ൽപ്പരം സിസിടിവി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ കണ്ട്രോൾ റൂമിൽ നിരീക്ഷിക്കും.
കൊടുംക്രിമിനലുകൾ
അന്യ സംസ്ഥാനങ്ങളിലേക്ക്
തിരുവനന്തപുരം: ഗോവിന്ദച്ചാമി അടക്കമുള്ള ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരുടെയും അന്തർ സംസ്ഥാന ജയിൽ മാറ്റം ആലോചിച്ചു സർക്കാർ. ഇപ്പോൾ കേരളത്തിലെ ജയിലുകളിൽ അസം, തമിഴ്നാട്, ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി തടവുകാരുണ്ട്. ഇവരെ അവരുടെ സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. ഇതിനു ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജയിൽ ഡിജിപിമാരുടെ സമ്മതം കൂടി ആവശ്യമുണ്ട്.
ഇപ്പോൾ ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളെ അതീവ സുരക്ഷാ ജയിലുകളിലാണ് പാർപ്പിക്കുന്നത്. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിലുള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.