സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ 13 ശതമാനം ശിശുക്കൾ മാസം തികയാതെയും 17 ശതമാനം ശിശുക്കൾ ഭാരക്കുറവോടെയും ജനിക്കുന്നതായി കേന്ദ്ര ആരോഗ്യ സർവേ റിപ്പോർട്ട്. ഗർഭകാലത്ത് അമ്മ അനുഭവിക്കുന്ന വായുമലിനീകരണമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് സർവേ വ്യക്തമാക്കുന്നത്. മഴ, താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്കും ഈ അവസ്ഥയുമായി നേരിട്ട് ബന്ധമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യുകെയിലെയും അയർലൻഡിലെയും ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽനിന്നുള്ള വിദഗ്ധസംഘം ആരോഗ്യ സർവേ വിശകലനം ചെയ്താണ് കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ, റിമോട്ട് സെൻസിംഗ് ഡാറ്റ തുടങ്ങിയവയാണ് വിശകലനത്തിനായി ഉപയോഗിച്ചത്.
കാൻസറിനടക്കം കാരണമാകുന്ന പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു ശ്വസിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനും നവജാതശിശുക്കളിൽ ഭാരക്കുറവിനും കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു കൂടുതലായും കാണപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണിക പൊതുവെ കുറവാണ്. 2019ൽ ആരംഭിച്ച സർവേയുടെ ഫലമാണ് വിശകലനത്തിന് വിധേയമാക്കിയത്.