ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. അവസാന പന്തു വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സടിച്ചപ്പോൾ ഇംഗ്ലണ്ട് അവസാന പന്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഷഫാലി വർമ 41 പന്തിൽ 75 റണ്‍സെടുത്തപ്പോൽ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. തോറ്റെങ്കിലും അഞ്ച് മത്സര പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ: 20 ഓവറിൽ 167/7. ഇംഗ്ലണ്ട്: 20 ഓവറിൽ 168/5.
ഒന്നാം വിക്കറ്റിൽ 64 പന്തിൽ 101 റണ്‍സ്് നേടിയ ഡാനി വ്യാറ്റ്- സോഫിയ ഡംഗലെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്നാണ് മത്സരം അവസാന പന്തിൽ വിധി നിർണയിക്കും വിധം ത്രില്ലർ പോരാട്ടമായി മാറിയത്. സെഞ്ചുറി കൂട്ടുകെട്ടിനു പിന്നാലെ ഇന്ത്യൻ വനിതകൾ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. തോൽവിയുടെ വക്കിൽനിന്ന് അവസാന പന്തിൽ സിംഗിൾ എടുത്ത് സോഫി എക്ലേസ്റ്റോണ്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
അരുന്ധതി റെഡ്ഢി എറിഞ്ഞ അവസാന ഓവറിൽ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ടാമി ബൗമണ്ട് ബൗൾഡ്. രണ്ടാം പന്തിൽ സ്കോൾഫീൽഡ് ഒരു റണ്ണെടുത്തു. മൂന്നാം പന്തിൽ രാധാ യാദവിന്റെ ഉജ്വല ക്യാച്ചിൽ ആമി ജോണ്‍സ് പുറത്ത്. എന്നാൽ അവസാന പന്തിൽ സോഫി എക്ലേസ്റ്റോണ്‍ സിംഗിൾ എടുത്ത് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചു.