പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന് ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021 ല്‍ രണ്ടര ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നേടിയതെങ്കില്‍ 2024 ല്‍ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനു തെളിവാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഡോ. ഹാരിസ് പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും പരിശോധിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐപിയിലും ഒപിയിലുമെത്തുന്ന രോഗികളുടെയും സര്ജറികളുെടയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. 10 വര്‍ഷം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിന് ചികില്‍സയുണ്ടായിരുന്നില്ല. കരള്‍ മാറ്റിവയക്കല്‍ നടത്തിയപ്പോള്‍ രോഗി മരിച്ചു പോയി. ഇന്നിപ്പോള്‍ എത്ര ട്രാന്‍സ്പ്ലാന്റേഷനാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റർവെന്‍ഷന്‍സ് നടത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഡോ. ഹാരിസ് പറഞ്ഞിരിക്കുന്ന വിഷയം നിലവിലെ സംവിധാനത്തിന്റെ പ്രശ്നമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംവിധാനത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതു കൊണ്ടാകാം അങ്ങനെ ചെയ്തത്. വേണ്ടപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടും അതു സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ഇടത്ത് എത്താന്‍ വേണ്ടി അദ്ദേഹം ചെയ്തതായിരിക്കാം. സിസ്റ്റമെന്നാല്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കട്ടെ. രോഗിയുടെ വിഷയം സ്വന്തം വിഷയമായി കരുതുന്നിടത്താണ് ഡോക് ടര്‍ വിജയിക്കുന്നത്. ഡോക് ടറുടെ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും. ചട്ടങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട പോകുന്നത്. ഇതിന് ഭേദഗതി വരുത്തുന്നതിന് ഫയല്‍ അദാലത്ത് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.