കരുവാരകുണ്ട് (മലപ്പുറം): രണ്ടുമാസത്തോളം കരുവാരകുണ്ട് മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് അവശത. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് 13 വയസുള്ള പെൺകടുവയാണ്. കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടുണ്ട്. പല്ലിനും തേയ്മാനം സംഭവിച്ചിട്ടുണ്ട്. ദേഹത്ത് ഏതാനും മുറിവുകളുമുണ്ട്. ഏതാനും നാളുകൾക്ക് മുന്പ് കാളികാവ് അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടിച്ചുകൊന്ന കടുവയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നാട്ടുകാർ ഇത് അംഗീകരിച്ചിട്ടില്ല. പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവ ശല്യം നിരന്തരം നേരിടുന്ന പ്രദേശമാണ് കരുവാരകുണ്ട് മലയോര മേഖല.
കരുവാരകുണ്ട്, കാളികാവ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കടുവയെ നേരിട്ടും കാൽപാടുകളും കണ്ടിരുന്നു. ജനവാസ കേന്ദ്രങ്ങളിലെത്തി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിക്കുകയും കൊന്നുതിന്നുകയും ചെയ്തിരുന്നു. കാളികാവ് സംഭവത്തിനുശേഷം കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു. കുങ്കിയാന ഉൾപ്പെടെയുണ്ടായിരുന്ന സംഘത്തിന് ആദ്യഘട്ടത്തിലൊന്നും കടുവയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂടുതൽ സന്നാഹങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായി. ഇതിനിടയിൽ രണ്ടുതവണ കടുവ ദൗത്യ സംഘത്തിന്റെ മുന്നിൽ അകപ്പെട്ടുവെങ്കിലും പിടികൂടാനോ വെടിവയ്ക്കാനോ സാധിച്ചില്ല.
രണ്ടാഴ്ച മുന്പ് കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടിരുന്നു. ഇത് പ്രദേശത്ത് വന്യമൃഗങ്ങൾ കൂടുതലുണ്ടെന്ന നാട്ടുകാരുടെ അഭിപ്രായം സാധൂകരിക്കുന്നതായിരുന്നു. കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊട്ടടുത്ത വനഭൂമിയിലേക്ക് തുറന്നുവിടുന്നത് കടുവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്താൻ ഇടയാക്കുമെന്നും ഇത് ഒഴിവാക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. ദൗത്യം തുടങ്ങി 53 ദിവസം പിന്നിട്ടപ്പോഴാണ് കടുവ കൂട്ടിലകപ്പെട്ടത്.