തോമസ് വർഗീസ്
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി സർവകലാശാലാ ചട്ടം പ്രകാരം നിലനില്ക്കുകയില്ലെന്നു വിദഗ്ധാഭിപ്രായം.
രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അന്തിമാധികാരം സർവകലാശാല സിൻഡിക്കറ്റിനാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് വൈസ് ചാൻസലർക്കു ഒറ്റയ്ക്കു തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുക. അത്തരത്തിൽ അടിയന്തരമായി ഒരു തീരുമാനം വി.സി കൈക്കൊണ്ടാൽ തുടർന്നു വരുന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇതിന് അംഗീകാരം വേണം.
ഈ സാഹചര്യത്തിൽ കേരള സർവകലാശാലയിൽ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹനൻ കുന്നുമ്മേൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കറ്റ് യോഗത്തിൽ തള്ളപ്പെടും.
ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിൻഡിക്കറ്റിൽ ഈ വിഷയം വരുന്നതിനു മുന്പേതന്നെ വൈസ് ചാൻസലർ സസ്പെൻഷൻ നടപടി പിൻവലിക്കുമോ എന്നതാണ് അറിയേണ്ടത്. സിൻഡിക്കറ്റ് യോഗത്തിനായി അംഗങ്ങൾ രേഖാമൂലം കത്തു നല്കി ക്കഴിഞ്ഞാൽ പിന്നീട് വൈസ് ചാൻസലർക്ക് സർവകലാശാലയുടെ നയപരമായ കാര്യങ്ങളിൽ നേരിട്ട് നടപടികൾ കൈക്കൊള്ളാൻ കഴിയുകയില്ല.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി സിൻഡിക്കറ്റ് യോഗം വിളിക്കാൻ അംഗങ്ങൾ ആവശ്യപ്പെടും.
നോട്ടീസ് നല്കി ഏഴു ദിവസത്തിനുള്ളിൽ യോഗം വിളിക്കണമെന്നാണ് സർവകലാശാലാ ആക്ട് പറയുന്നത്. യോഗത്തിനു മുന്പായി സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കപ്പെടുകയും വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് തീരുമാനം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാകും. സിൻഡിക്കറ്റിന്റെ ചെയർമാൻ വൈസ് ചാൻസലർ ആണെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇടതു സഹയാത്രികരാണ്. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാവുമെന്ന് സർവകലാശാലാ രംഗത്തെ വിദഗ്ധർ സൂചന നല്കുന്നു.