ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കർണാടക സർക്കാരിന്റെ ഉത്തരവ്. ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു.
വാക്സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാരുടെ അകാലമരണവും പഠിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരടങ്ങിയ സമിതിയോട് നിർദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മേയ് 28 നും ജൂൺ 30 നും ഇടയിലാണു ഹാസൻ ജില്ലയിൽ തുടർച്ചയായി യുവാക്കളുടെ മരണം സംഭവിച്ചത്. ഒരു ദിവസംതന്നെ ജില്ലയിൽ മൂന്നു പേർ വരെ ഹൃദയാഘാതം മൂലം മരിച്ച സംഭവങ്ങളുണ്ടായിരുന്നു. മരിച്ചവരിൽ ഒൻപത് പേർ 30 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. 14 പേർ വീട്ടിൽവച്ചുതന്നെയാണ് മരിച്ചത്. ഇവരിൽ പലർക്കും ഹൃദയാഘാതത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നുവെന്നതു മരണകാരണം മറ്റെന്തെങ്കിലുമായിരുന്നോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.
ബംഗളൂരുവിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുള്ളത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം മുൻനിർത്തി 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.