തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിലവിലെ ശിപാർശ പ്രകാരം കേരളം ചേരില്ലെന്നും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതിനെതിരെ സംസ്ഥാനം നിയമപോരാട്ടം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. 1,500 കോടി രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ്എസ്കെയ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രണ്ടുതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ ശിപാർശകൾ കേരളത്തിന് അംഗീകരിക്കാൻ ആവാത്തതാണ്. ആ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണം എന്നതാണ് പിഎം ശ്രീ പദ്ധതിയുടെ കാതൽ.
അതിനാൽ നിലവിലെ ശിപാർശകളെ മുൻനിർത്തി പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്ക്കാൻ സംസ്ഥാനത്തിന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.