പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാണിയയോടു ചോദിക്കുന്നത് ഒരേയൊരു ചോദ്യം... ഇത്രകാലം എവിടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി സിനിമയോട് ഇഷ്ടംകൂടി നടന്നിട്ടും സിനിമ കടാക്ഷിച്ചത് ഇപ്പോഴെന്നു റാണിയ!
കൊല്ലങ്കോട് എന്ന പാലക്കാടന്‍ ഗ്രാമത്തില്നിന്നെത്തിയ റാണിയ റാണ എന്ന സാധാരണ പെണ്‍കുട്ടി, ദിലീപിന്റെ നായികയായതിന്റെ വിശേഷങ്ങള്‍ സിനിമാക്കഥയെ വെല്ലും. റാണിയ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ജാക്സണ് ആരാധിക!
മൈക്കിള്‍ ജാക്സന്റെ ബോഡി മൂവ്സ് ഇഷ്ടപ്പെട്ടാണ് നാലു വയസില്‍ ഡാന്‍സ് പഠിച്ചുതുടങ്ങിയത്. അന്നേ സിനിമയോടിഷ്ടം. ബാലതാരമാകാന്‍ മോഹിച്ചു. എപ്പോഴും ഒരുങ്ങിനടന്നു. ടിവിയില്‍ എന്റെ ശബ്ദം കേള്‍ക്കുന്നതിനു ഫോണ്‍ ഇന്‍ പരിപാടികളില്‍ പതിവായി വിളിച്ചു. ഒന്നില്‍ പഠിക്കുമ്പോള്‍ വാശിപിടിച്ച് മ്യൂസിക് ആല്‍ബം ചെയ്തെങ്കിലും റിലീസായില്ല.
ഭാവിയില്‍ സിനിമാനടിയാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ഡാന്‍സ്, പാട്ട്, വീണ, വയലിന്, മൃദംഗം, പെയിന്റിംഗ്...പരിശീലനം. ആറാം ക്ലാസായപ്പോഴേക്കും സ്വന്തമായി വര്ക്കൗട്ട്ചെയ്ത് ശരീരം ഫ്ളക്സിബിളാക്കി. സിനിമയിലെത്തുമ്പോള്‍ ഫൈറ്റ് ചെയ്യേണ്ടി വരില്ലേ എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ഈ ഭക്ഷണം കഴിച്ചാല്‍ നടിയാകുമ്പോള്‍ ശരീരത്തെ ബാധിക്കുമോ എന്ന രീതിയില്‍ എന്റെ ചിന്തകളില്‍ സിനിമ മാത്രമായി.
സിനിമയൊന്നുമായില്ലേ..!
12ാം വയസില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍ത്തന്നെ ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി വരെ അവിടെ ആറു വര്‍ഷം. മെയിന്‍ മോഹിനിയാട്ടം, സബ് ഭരതനാട്യം. അക്കാലത്തു ചാന്‍സ് തേടി സിനിമാക്കാര്‍ക്കു നിരന്തരം മെയില്‍ അയച്ചു. ബിഎ ഭരതനാട്യം കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയില്‍. തുടര്‍ന്ന് എറണാകുളം സെന്റ് തെരേസാസില്‍ എംഎ ഭരതനാട്യം. സിനിമയില്‍ അവസരങ്ങള്‍ വരുന്നതും പൊടുന്നനെ മുടങ്ങുന്നതും പതിവായി. ഡാന്‍സ് പെര്ഫോമന്സുകള്ക്കു പോകുമ്പോഴും മറ്റും എന്നെ ദേഷ്യം പിടിപ്പിക്കുന്ന ആ ചോദ്യമെത്തും- സിനിമയൊന്നുമായില്ലേ!
ബോഡി ഷെയിമിംഗ്
ചെറുപ്പത്തില്‍ കുറച്ചു തടിച്ച ശരീരമായിരുന്നു. പലരും ബോഡിഷെയിം ചെയ്തിട്ടുണ്ട്. ഡാന്‍സ് പഠിക്കുമ്പോള്‍ എല്ലായിടത്തുനിന്നും കളിയാക്കലുകള്‍. എന്നെ കാണാന്‍ കൊള്ളില്ല, എനിക്കു സിനിമയില്‍ വരാന്‍ പറ്റില്ല എന്നൊക്കെ തോന്നി. സിനിമാനടിയും ഡാന്സറുമാവണം എന്നതുകൊണ്ടുതന്നെ നിരന്തരം വര്‍ക്കൗട്ട് ചെയ്തും ഡാന്‍സ് കളിച്ചും ഞാന്‍ ഈ രൂപത്തിലെത്തി.
അന്നു ഞാന്‍ കരഞ്ഞു
പൂജ കഴിഞ്ഞയുടന്‍ പടം മുടങ്ങിയ അനുഭവമുണ്ട്. മറ്റൊരിക്കല്‍ ടോപ്പ് ലിസ്റ്റിലുള്ള തമിഴ് താരത്തിന്റെ നായികയായി ഓഫര്‍. ചെന്നൈയിലെത്തി കരാര്‍ ഒപ്പിടുംമുമ്പേ പടം മുടങ്ങി. മുമ്പ് മറ്റൊരു പടത്തില്‍ തമിഴ്നടന്റെ നായികാവേഷം നഷ്ടമായിരുന്നു. അഞ്ച് വര്‍ഷത്തിനുശേഷം അതിന്റെ ഡയറക്ടറുടെ തെലുങ്കുപടത്തിന്റെ ഓഡിഷനു വിളിച്ചു.
തെലുങ്ക് വശമില്ലാത്തതിനാൽ, ഹൈദരാബാദിലെത്തി ഒരു ദിവസത്തിനുശേഷം ആ സിനിമയിൽ നിന്നു പുറത്തായി. അമ്മയ്ക്കു വലിയ സങ്കടമായി. അന്നു ഞാൻ അമ്മയുടെ മുന്നില്‍ കരഞ്ഞു. അവസാന ശ്വാസംവരെയും സിനിമയിലെത്താന്‍ ശ്രമിക്കുമെന്നുറപ്പിച്ചു.
ഇനിയും മതിയായില്ലേ!
എംഎ ഭരതനാട്യം കഴിഞ്ഞപ്പോള്‍ യുഎസില്‍ സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യാന്‍ അവസരമെത്തി. അതേസമയംതന്നെ തമിഴില്‍നിന്നു നായികാവേഷവുമെത്തി. സിനിമ മതിയെന്നുറപ്പിച്ചു. ഒരു വര്‍ഷമായിട്ടും പടം തുടങ്ങിയില്ല. രണ്ടും നഷ്ടമായ ടെന്ഷനിലിരുന്നപ്പോഴാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല ഓഡിഷനു വിളിച്ചത്.
നിനക്ക് ഇനിയും മതിയായില്ലേ- പോകാനൊരുങ്ങിയപ്പോള്‍ അമ്മയുടെ ചോദ്യം! ദിലീപേട്ടനാണു നായകനെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. മാജിക് ഫ്രെയിംസെന്നു കേട്ടപ്പോള്‍ സമാധാനമായി. കുറേയേറെ നിരാസങ്ങള്‍ കഴിഞ്ഞുവന്നതിനാല്‍ ഓഡിഷനില്‍ വളരെ കൂളായി, ചിരിച്ചു പെര്‍ഫോം ചെയ്തു. ആ ചിരിയിലാണ് എന്നില്‍ അവര്‍ ചിഞ്ചുറാണിയെ കണ്ടത്.
കളിപ്പാട്ടങ്ങള്‍ തന്നു!
തിരക്കഥാകൃത്ത് ഷാരീസേട്ടനുൾപ്പടെ എല്ലാവരും സെറ്റില്‍ എനിക്ക് അച്ഛന്റെ കരുതലാണു തന്നത്. അത്രയും കംഫര്‍ട്ടബിളാണെങ്കില്‍ മാത്രമേ മനസറിഞ്ഞു പെര്‍ഫോം ചെയ്യാനാവൂ. കട്ട് പറഞ്ഞു വെറുതേയിരിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ കുട്ടിത്തം നിലനിര്‍ത്താന്‍ എന്റെ കൈയില്‍ അവര്‍ കളിപ്പാട്ടങ്ങള്‍ തന്നു.
ഷോട്ടെടുക്കാത്തപ്പോള് എല്ലാവരോടും സംസാരിച്ചു നടക്കണമെന്നും പറഞ്ഞിരുന്നു. എല്ലായ്പ്പോഴും ഒരേ എനര്‍ജിയില്‍ നില്‍ക്കേണ്ട കഥാപാത്രമായിരുന്നു എന്റേത്. എനിക്കുവേണ്ടി എഴുതിയതുപോലെ സ്ക്രിപ്റ്റ്! ചിഞ്ചുറാണിയിലെ റാണി എന്റെ പേരിന്റെ ഭാഗമായിവന്നത് അതിശയമായി.
റാണി മേരി റാണി എന്ന പാട്ടും നേരത്തേ എഴുതിയതാണ്. ആഗ്രഹിച്ചതുപോലെ ഡാന്‍സും ഫ്ളക്സിബിലിറ്റി സീക്വന്‍സും എല്ലാത്തരം അഭിനയ സാധ്യതകളുമുള്ള കഥാപാത്രം. ഇത്രയും വര്‍ഷം കാത്തിരുന്നതിന് ഒരു സങ്കടവുമില്ല ഇപ്പോള്‍.
ചിഞ്ചുറാണി ആഘോഷിക്കപ്പെടുന്നത്