മുംബൈ: തദ്ദേശീയമായി അപൂർവ ഭൗമ മൂലക കാന്ത (നിയോഡിമിയം)ങ്ങളുടെ നിർമാണത്തിന് ഇന്ത്യൻ വാഹന നിർമാണ കന്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഘടക നിർമാതാക്കളായ യുനോ മിൻഡയും ശ്രമിക്കുന്നു. നിയോഡിമിയത്തി നായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്.നിർണായക ഘടകങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യൻ സർക്കാൻ സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോകത്തിലെ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, ഏപ്രിലിൽ അവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎസിലേക്കും യൂറോപ്പിലേക്കും ചില വിതരണങ്ങൾ പുനരാരംഭിച്ചെങ്കിലും, ഇന്ത്യൻ കന്പനികൾ ഇപ്പോഴും ബെയ്ജിംഗിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
വൈദ്യുത വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണത്തിന് നിർണായകമായ ഘടകമാണ് ഈ അപൂർവ ഭൗമ മൂലക കാന്തങ്ങൾ. ഇവയുടെ ആഭ്യന്തര ഉത്പാനത്തിനും ശേഖരം വർധിപ്പിക്കുന്നതിനും സാന്പത്തിക സഹായപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട.
ജൂണിൽ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയവുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, കാന്തങ്ങൾ നിർമിക്കുന്നതിനായി ഒരു കന്പനിയുമായി പങ്കാളിത്തത്തിലേർപ്പെടാനോ അല്ലെങ്കിൽ പ്രാദേശികമായി അവ ഉത്പാദിപ്പിക്കുന്ന ഒരു വിതരണക്കാരനുമായി ദീർഘകാല കരാറിൽ ഏർപ്പെടാനോ മഹീന്ദ്ര തയാറാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അടുത്തിടെ രണ്ട് ഇലക്ട്രിക് എസ്യുവികൾ പുറത്തിറക്കിയ മഹീന്ദ്രയ്ക്ക് കാന്തങ്ങൾക്കുള്ള ആവശ്യം ഏറുകയാണ്. പ്രാദേശികമായി അവ നിർമിക്കുന്നതിനുള്ള നിക്ഷേപം അത്ര ഉയർന്നതല്ലെന്ന് സൂചിപ്പിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
മാരുതി സുസുക്കി പോലുള്ള ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾക്ക് പാർട്സ് വിതരണക്കാരായ യുനോ മിൻഡയും ഇതേ യോഗത്തിൽ പ്രാദേശികമായി അപൂർവ ഭൗമ മൂലകകാന്ത നിർമാണത്തിൽ താത്പര്യം പ്രകടിപ്പിച്ചതായും പറയുന്നു.
ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ഉത്പാദനം വൈകുമെന്ന് മാരുതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോർഡ്, സ്റ്റെല്ലാന്റിസ് ഉൾപ്പെടെയുള്ള കന്പനികൾക്ക് ഗിയറുകളും മോട്ടോറുകളും വിതരണം ചെയ്യുന്ന ഘടക നിർമാതാക്കളായ സോണ കോംസ്റ്റാർ, ആഭ്യന്തരമായി കാന്തങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ കന്പനിയാണ്.
നിയോഡിമിയം കാന്തങ്ങൾ നിർമിക്കുന്നതിനുള്ള നിക്ഷേപത്തിന്റെ സമയപരിധി സംബന്ധിച്ച് രണ്ട് കന്പനികളും അന്തിമ തീരുമാനം എടുത്തിട്ടില്ല. സർക്കാർ നൽകുന്ന സാന്പത്തിക പ്രോത്സാഹനങ്ങളെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്ന് ഇവരുടെ നിക്ഷേപ പദ്ധതികൾ.
ലോകത്തിലെ അഞ്ചാമത്തെ വലിയ അപൂർവ ഭൗമ ധാതു ശേഖരമുള്ള ഇന്ത്യയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വലിയ വെല്ലുവിളിയല്ല. പക്ഷേ, അവയുടെ ഖനനമാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇഎൽ) എന്ന സ്ഥാപനത്തിലൂടെയാണ് സർക്കാർ അപൂർവ ഭൗമ ധാതു ഖനനം നിയന്ത്രിക്കുന്നത്. 2024ൽ ഏകദേശം 2,900 ടണ് അപൂർവ ഭൗമ ധാതു അയിരുകളാണ് ഉത്പാദിപ്പിച്ചത്. മിക്ക ധാതുക്കളും രാജ്യത്തെ ആണവ, പ്രതിരോധ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്, ചിലത് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു.
ചൈനയിൽനിന്നുള്ള നിയന്ത്രണം വന്നതോടെ ഐആർഇഎൽ കയറ്റുമതി നിർത്താനും തദ്ദേശീയമായി ഖനനവും സംസ്കരണവും വർധിപ്പിക്കാനും പദ്ധതിയിടുന്നു.