ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും വിതരണത്തിൽ ഉണ്ടാകാവുന്ന തടസങ്ങൾ നേരിടുന്നതിനുമായി മൂന്നു പ്രധാന തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. അടിയന്തര ശേഖരം വർധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ മൂന്ന് പുതിയ തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് പര്യവേഷണം നടത്തുന്നുണ്ടെന്ന് തന്ത്രപ്രധാന കരുതൽ ശേഖരത്തിന്റെ ചുമതലയുള്ള കന്പനിയുടെ തലവൻ പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, എണ്ണ ആവശ്യങ്ങളുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നു. കൂടാതെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മൂലം എണ്ണ സംഭരണത്തിലുള്ള ആഘാതം ലഘൂകരിക്കുന്നതിനായി അസംസ്കൃത എണ്ണ സ്രോതസുകളെ നിരന്തരം വൈവിധ്യവത്കരിക്കുന്നു.
പുതിയ കരുതൽ ശേഖരം നിർമിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള എൻജിയറിംഗ് കണ്‍സൾട്ടൻസി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് നടത്തിവരികയാണെന്ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ സിഇഒ എൽ.ആർ. ജെയിൻ ദേശീയ, അന്തർദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മംഗലാപുരം, പാദൂർ, വിശാഖപട്ടണം എന്നീ മൂന്ന് സ്ഥലങ്ങളിൽ നിലവിൽ ഇന്ത്യക്ക് തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരമുണ്ട്. വിതരണത്തിൽ തടസങ്ങൾ ഉണ്ടായാൽ 5.33 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിൽ സംഭരിക്കാൻ ഇത് സഹായിക്കും.
ഇന്ത്യയിലെ മരുഭൂമി സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിൽ ഉപ്പ് ഗുഹകളിൽ 5.2 മുതൽ 5.3 മില്യണ്‍ ടണ്‍ വരെ ശേഷിയുള്ള ഒരു പുതിയ കരുതൽ ശേഖരവും തെക്കൻ കർണാടകയിൽ മംഗലാപുരത്ത് 1.75 മില്യണ്‍ ടണ്‍ ശേഷിയുള്ള ഒരു ശേഖരവും നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബിനയിൽ കരുതൽ ശേഖരം സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്. സാധ്യതാ പഠനങ്ങൾക്ക് ശേഷം, പദ്ധതികൾക്ക് ഫെഡറൽ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. പാദൂരിലെ 2.5 മില്യണ്‍ ടണ്‍ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിനും ഒഡീഷയിലെ ചാണ്ടിഖോളിലെ 4 മില്യണ്‍ ടണ്‍ ശേഖരത്തിനും പുറമേയാണ് ഇവ വരുന്നത്. ഇവയ്ക്ക് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
തന്ത്രപരമായ പെട്രോളിയം ശേഖരം സംബന്ധിച്ച നയങ്ങളിൽ ഇന്ത്യ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ ജപ്പാനും കൊറിയയും തുടരുന്ന സ്വകാര്യ പങ്കാളിത്തം, വാണിജ്യവത്കരണം എന്നിവ അനുവദിക്കുന്നു.
എണ്ണ സംഭരണ ശേഷി വർധിപ്പിക്കുന്നത് ഇന്ത്യയെ അന്താരാഷ്ട്ര ഉൗർജ ഏജൻസിയിൽ ചേരാൻ സഹായിക്കും. ഈ ഏജൻസി അംഗങ്ങൾക്ക് കുറഞ്ഞത് 90 ദിവസത്തെ എണ്ണ ഉപഭോഗം നിർബന്ധമാണ്.
കന്പനികളുടെ കൈവശമുള്ളതും ഗതാഗതത്തിലുള്ളതും ഉൾപ്പെടെ ഇന്ത്യയുടെ സംഭരണശേഷി നിലവിൽ 75 ദിവസത്തെ ഇന്ധന ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്.