തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനം. ബജറ്റ് പാസാകാത്തതിനെ തുടർന്ന് മൂന്നു മാസത്തേക്ക് പാസാക്കിയ വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതോടുകൂടി സർവകലാശാലയിലെ സാന്പത്തിക ഇടപാടുകൾ സ്തംഭിച്ചു. ഇതോടെ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നൽകേണ്ട പെൻഷൻ വിതരണം ഉൾപ്പെടെയുള്ളവയുടെ വിതരണം മുടങ്ങി.
വി സി -സിൻഡിക്കേറ്റ് പോരിന്റെ ഭാഗമായി ബജറ്റിന് അനുമതി നൽകേണ്ടിയിരുന്ന സർവകലാശാലയിലെ സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് ക്വാറം തികയാത്ത സാഹചര്യമുണ്ടായി. തുടർന്ന് വൈസ്ചാൻസലർ മൂന്ന് മാസത്തെ ധന വിനിയോഗത്തിനായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് ചെയ്തത്. ഇതിന്റെ കാലാവധി ജൂണിൽ അവസാനിച്ചതോടെ ഈ മാസം സർവകലാശാലയിലെ എല്ലാ ധന ഇടപാടുകളും മുടങ്ങിയിരിക്കുകയാണ്.
വൈസ്ചാൻസലർ നിയമനത്തിന് എതിരായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർവകലാശാലയിലെ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നത് വിലക്കി ഇടക്കാല വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സർവകലാശാല ബജറ്റ് അംഗീകരിക്കാൻ കഴിയാത്ത നിലയിലാണ്. സാന്പത്തിക കാര്യങ്ങൾ കൂടാതെ വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സാങ്കേതിക സർവകലാശാല.
എല്ലാ മാസവും വൻ തുകയാണ് സർവകലാശാലയുടെ സോഫ്റ്റ് വേറിനു വേണ്ടി കെൽട്രോണ്‍ മുഖേന സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ടത്. ഇതു മുടങ്ങിക്കഴിഞ്ഞാൽ സോഫ്റ്റവേർ സേവനങ്ങൾ ലഭ്യമാകാതെ പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ അവതാളത്തിൽ ആയേക്കാം.