തിരുവനന്തപുരം: ദേശീയ/ അന്തർദേശീയ അവയവദാന ദിനാചരണത്തിന്റെ ഭാഗമായി മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ ‘സ്മൃതി വന്ദനം 2025’ എന്ന പേരിൽ സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും.
മരണാനന്തര അവയവദാനം നൽകി മറ്റുള്ളവർക്ക് ജീവൻ നൽകിയ വ്യക്തികളെ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നതിനും പ്രയാസവേളയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങളെ ആദരിക്കുകയും അവരുടെ നിസ്വാർഥ സേവനത്തെ അംഗീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 2017 നവംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നടത്തിയ 122 വ്യക്തികളുടെ കുടുംബാംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഈ കാലയളവിൽ അവയവം സ്വീകരിച്ചവരും പരിപാടിയിൽ പങ്കെടുക്കും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും. മരണാനന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. മസ്തിഷ്കമരണ നിർണയം മുതൽ അവയവമാറ്റ ശസ്ത്രക്രിയവരെയുള്ള ഓരോ ഘട്ടങ്ങളിലും പങ്കെടുക്കുന്നവരെയും ചടങ്ങിൽ ആദരിക്കും.
അവയവദാന ബോധവത്കരണത്തിനായി കെഎസ്എഫ്ഡിസി കെ-സോട്ടോയ്ക്കായി തയാറാക്കിയ വീഡിയോ പ്രകാശനവും ചടങ്ങിൽ നടക്കും. അവയവദാതാക്കളുടെ കുടുംബാംഗങ്ങളും അവയവം സ്വീകരിച്ചവരും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവയ്ക്കും. അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർക്കായി ടാഗോർ തിയറ്ററിന് സമീപം പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കും.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയാൽ , ജില്ലാകലക്ടർ അനുകുമാരി തുടങ്ങി വിവിധ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.