കടുത്തുരുത്തി: കല്ലറ മുണ്ടാറിലെ വെള്ളക്കെട്ടിനു പരിഹാരമില്ല. ഒരു മാസമായി ഇവിടെ ജനജീവിതം ദുഷ്കരമായി തുടരുന്നു. കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും രണ്ടാം വാര്‍ഡിലെ കുറച്ചു ഭാഗവും ചേര്‍ന്ന് വെള്ളത്താല്‍ ചുറ്റപ്പെട്ട അപ്പര്‍കുട്ടനാടിന്റെ ഭാഗമായ പ്രദേശമാണ് മുണ്ടാര്‍. മുണ്ടാറിന് ചുറ്റുമുള്ള കരിയാറിലും കെവി കനാലിലും മറ്റു തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്.
മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡിലെ മുണ്ടാര്‍-110 പാലം മുതല്‍ കളത്തറ പാലംവരെയുള്ള നാലു കിലോമീറ്റര്‍ ദൂരം വെള്ളം കയറി മുങ്ങി. ചെറിയ റോഡുകളും വെള്ളത്തിനടിയിലായി.
തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പലയിടത്തും പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് പാടശേഖരങ്ങള്തന്നെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പാടശേഖരങ്ങളിലെ ബണ്ടുകളിലും മറ്റ് കരപ്രദേശങ്ങളിലുമാണ് ഇവിടുത്തെ വീടുകളിലധികവും.
മഴ മാറിയതിനെത്തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞുവന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വീടുകളില്‍ വീണ്ടും വെള്ളം കയറി. മഴ കുറഞ്ഞാല്‍പോലും വെള്ളം പൂര്‍ണമായും ഇറങ്ങാന്‍ ദിവസങ്ങള്‍ കഴിയണം.
മുണ്ടാര്‍ ഒന്നാം ബ്ലോക്കിലെ താമസക്കാരനായ ആറാം നമ്പര്‍ വീട്ടില്‍ കെ.ഉദയകുമാറും കുടുംബവും കഴിഞ്ഞ 29ന് വടയാറിലുള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയതാണ്. ആദ്യതവണ കയറിയ വെള്ളം ഇറങ്ങിയ സമയത്ത് ചെളിയും മണ്ണും നിറഞ്ഞ വീട് കഴുകി വൃത്തിയാക്കി. വീട്ടിലേക്ക് തിരികെ വരാമെന്നു കരുതിയിരിക്കെ മഴ വീണ്ടും ശക്തമാവുകയും വീട് വെള്ളത്തിലാകുകയും ചെയ്തു. ഇതു മൂന്നാം തവണയാണ് ഒരു മാസത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതെന്ന് ഉദയകുമാര്‍ പറഞ്ഞു.
മുണ്ടാറിൽ ഇരുനൂറിലധികം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ പ്രതിസന്ധി നേരിടുന്നത്. നൂറിലധികം കുടുംബങ്ങളും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറിയിരിക്കുകയാണ്. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും കോഴി, താറാവ് എന്നിവയുള്ളവരും അടുത്ത പ്രദേശത്ത് ബന്ധുക്കളില്ലാത്തവരുമാണ് ഇവിടെ താമസിക്കുന്നതെന്ന് നടുത്തറയില്‍ അരുണ്‍ പറഞ്ഞു. വീടിനകത്ത് വെള്ളം കയറിയതിനാല്‍ പലരും പുറംബണ്ടിലെ ഉയരമുള്ള ഭാഗങ്ങളില്‍ താത്കാലിക കുടിലുകള്‍ കെട്ടിയാണ് കഴിയുന്നത്.
പരിഹാരം വേണം
പുല്ലും പായലും പോളയും മരങ്ങളും വീണു കിടക്കുന്നതിനാല്‍ തോടുകളിലെയും പുഴകളിലെയും നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വേമ്പനാട്ട് കായലിലേക്കാണ് ഇവിടെനിന്ന് വെള്ളം ഇറങ്ങിപ്പോകേണ്ടത്. അടിയന്തരമായി തോടുകളിലെ പുല്ലും പായലും നീക്കി ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം ഇറങ്ങാന്‍ കാലതാമസം നേരിടുമെന്ന് ബിനോയ്ഭവനില് പി.ജി. വാസുദേവന്‍ പറഞ്ഞു.
പല പാടശേഖരങ്ങളുടെയും പുറംബണ്ടുകള്‍ തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടുണ്ട്. പാടശേഖരങ്ങളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തുന്നതിനൊപ്പം തോടുകളിലെ നീരൊഴുക്കും സുഗമമക്കിയാല് മാത്രമേ വീടുകളില്‍ വെള്ളം കയറുന്നത് തടയാനാകൂ.
എന്നാല്‍ മാത്രമേ ഇക്കൊല്ലം വര്‍ഷകൃഷി നടത്താനും സാധിക്കുകയുള്ളൂവെന്ന് പുത്തന്‍പുരയില്‍ പ്രമീള പറയുന്നു. ഇതിനായി സര്‍ക്കാരും കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും ഇടപെടണമെന്നും ആവശ്യമുയർന്നു.