തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ സ്കൂളില്‍വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സ്കൂളിനെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂള്‍ മാനേജര്‍ ആര്. തുളസീധരന്‍ പിള്ളയെ അയോഗ്യനാക്കി മാനേജ്മെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഭരണചുമതല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് നല്കി.
സുരക്ഷാവീഴ്ച മുന്‍നിര്‍ത്തിയാണ് നടപടി. സര്‍ക്കാര്‍ ഈ സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്.
കേരള വിദ്യാഭ്യാസ നിയമം അധ്യായം ഏഴ് ചട്ടം മൂന്ന് പ്രകാരമാണ് നടപടി. സ്കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. സ്കൂളിലെ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു.
എഇഒയോടും വിശദീകരണം തേടിയിട്ടുണ്ട്. എല്‍ഡിഎഫിന് താത്പര്യമുള്ള സ്കൂള്‍ എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരമൊരു നിലപാട് എടുത്തിട്ടില്ല, കൃത്യമായ നടപടിയാണ് സ്വീകരിച്ചത്. സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രി കളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മിഥുന്റെ കുടുംബത്തിന് സ്കൗട്ട് ആന്‍ഡ് ഗെയിഡ്സ് മുഖേന വീടുവച്ചു നല്‍കും.
ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍നിന്നും മൂന്ന്ു ലക്ഷം രൂപ അനുവദിച്ചു.
കെഎസ്ഇബി അഞ്ച് ലക്ഷം രൂപയും സ്കൂള്‍ മാനേജ്മെന്റ് 10 ലക്ഷം രൂപയും ധനസഹായമായി കൈമാറി. കെഎസ്ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടന്‍തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ 17ന് ക്ലാസ്മുറിക്കു സമീപത്തെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ ഷോക്കേറ്റു മരിച്ചത്.