സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകതയായിരുന്നുവെന്ന് നടി മഞ്ജു വാര്യർ. മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം പങ്കുവച്ചത്.
""വി.എസ്.അച്യുതാനന്ദന്റെ കാൽപാദത്തില് ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.
അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.'' മഞ്ജു കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 3:20-നാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.