നാധിപത്യത്തിൽ ഏത് അഴിമതിയും ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തി വേണം. രാഷ്ട്രീയ കക്ഷികളുടെ തുടർച്ചയായ യൂണിയനുകളുള്ളിടത്തോളം സമ്മർദങ്ങളേറും. പിന്നെ അഴിമതിപ്പണത്തിന്റെ പങ്ക് ഉന്നതങ്ങൾവരെ നീളുന്പോൾ റിപ്പോർട്ടുകളും റെയ്ഡുകളും മുങ്ങിപ്പോകുന്നതിൽ അദ്ഭുതപ്പെടാനില്ല.
കേരളത്തിലെ 17 റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഒരേസമയം നടത്തിയ വിജിലൻസ് റെയ്ഡിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ജൂലൈ 19ന് വൈകുന്നേരം നാലര മുതലായിരുന്നു ‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്നു പേരിട്ട മിന്നൽ പരിശോധന. 11 ഏജന്റുമാർ, 21 ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തു.
നിരവധി ഓഫീസുകളിലെ 21 ഉദ്യോഗസ്ഥർ യുപിഐ ഇടപാടിലൂടെ ഏജന്റുമാരിൽനിന്ന് കൈപ്പറ്റിയത് 7.85 ലക്ഷം രൂപ. റെയ്ഡിൽ കണ്ടെത്തിയതിന്റെ വിശദാംശങ്ങൾ വേറെയുമുണ്ട്. പക്ഷേ, കണ്ടെത്തിയതിലും വലിയ ഞെട്ടലാണ് പിന്നീടുണ്ടായത്. റെയ്ഡിനു തുടർനടപടികളൊന്നുമില്ലെന്നാണ് ആരോപണം. കുറ്റക്കാർക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് ടോറസ്-ടിപ്പർ അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നല്കിയിരിക്കുകയാണ്.
സംസ്ഥാന സർക്കാരും പൗരന്മാരും തമ്മിലുള്ള ഒരു പ്രധാന കണ്ണിയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ നൽകുകയും പുതുക്കുകയും ചെയ്യുക, വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുക, വിവിധ പെർമിറ്റുകൾ അനുവദിക്കുക തുടങ്ങിയ നിരവധി അവശ്യസേവനങ്ങൾ ഈ വകുപ്പിന്റെ ചുമതലയിലാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുമായി നേരിട്ടും നിരന്തരമായും ബന്ധപ്പെടുന്ന വകുപ്പ് എന്ന നിലയിൽ, കാര്യക്ഷമമായ പൊതുസേവനം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷ പരിപാലിക്കുന്നതിനും മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനത്തിലെ സത്യസന്ധത അത്യന്താപേക്ഷിതമാണ്.
‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ വ്യക്തമാക്കുന്നത് അഴിമതി ഒറ്റപ്പെട്ട സംഭവമല്ലെന്നും വകുപ്പിന്റെ ഘടനയിൽ ആഴത്തിൽ വേരൂന്നിയ ഒരു പ്രശ്നമാണെന്നുമാണ്. മോട്ടോർ വാഹന വകുപ്പും അഴിമതിയും കൂടെപ്പിറപ്പുകളാണെന്ന് ഈ ഓഫീസുമായി ബന്ധപ്പെടേണ്ടി വന്നിട്ടുള്ളവർക്ക് ഒരു സംശയവും ഉണ്ടാകാനിടയില്ല. ഒരുപാടു തവണ പലപല പേരുകളിൽ വിജിലൻസ് റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു. ഒരുപാട് പണവും തെളിവുകളോടെ പിടിച്ചെടുത്തു. ഒന്നും സംഭവിച്ചില്ല. അഴിമതി അഴിമതിയായിത്തന്നെ വളർന്നു. ഇടപാടുകൾ ഡിജിറ്റലായതോടെ അഴിമതി ഇല്ലാതാകുമെന്നായിരുന്നു പിന്നീട് അധികാരികളുടെ ഉറപ്പ്.
അഴിമതിവീരന്മാരാകട്ടെ അതിനെയൊക്കെ വെല്ലാൻ പുതിയ മാർഗങ്ങൾ കണ്ടെത്തി. പല മന്ത്രിമാരും ഗതാഗത കമ്മീഷണർമാരും “ഇപ്പം ശര്യാക്കിത്തരാം” എന്നും പറഞ്ഞു വന്നു. സിനിമാ സ്റ്റൈലിൽ പ്രകടനം നടത്തി. ഒന്നും സംഭവിച്ചില്ല. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും അഴിമതിക്കെപ്പോഴും തുടർഭരണമായിരുന്നു. യഥാസമയം നടപടിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തുടർനടപടികളും ശിക്ഷകളും എവിടെയൊക്കെയോ വച്ച് അട്ടിമറിക്കപ്പെടുന്നു. ഇടതായാലും വലതായാലും വകുപ്പിലെ വിവിധ യൂണിയനുകളും ഇക്കാര്യത്തിലും ഒറ്റക്കെട്ടാണ്. കാര്യങ്ങൾ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹവും കഴിവുമുള്ള മന്ത്രിക്കുപോലും നിസഹായാവസ്ഥ. എന്നാണിനി നമ്മുടെ സംവിധാനങ്ങൾ നന്നാവുക?
കേന്ദ്രസർക്കാർ കൊണ്ടുവന്ന പല പദ്ധതികളും ഇവിടെ നടപ്പാകാത്തതിന് ഒരു കാരണമേയുള്ളൂ. പോക്കറ്റിലേക്കുള്ള വരവ് നിലയ്ക്കും! ചെക്പോസ്റ്റുകൾ അഴിമതിയുടെ കൂത്തരങ്ങായപ്പോൾ അവ പൂട്ടാൻ നിർദേശം വന്നു. അതു നടന്നില്ല. പകരം, സമയമാറ്റമുണ്ടായി. പ്രവർത്തനസമയം രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയായി. അതോടെ ഇരുളിന്റെ മറവിലുള്ള പണപ്പിരിവ് കുറഞ്ഞു. എന്നാൽ, പട്ടാപ്പകൽ കൊള്ളയ്ക്ക് ഗൂഗിൾ പേ സഹായിയായി. ഇനിയിപ്പോൾ ചെക്പോസ്റ്റുകളിൽ ‘കൈക്കൂലി’ക്ക് മൂന്നു ഷിഫ്റ്റ് വേണമെന്ന് വാഹന ഇൻസ്പെക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുകയാണത്രെ! അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ തുടങ്ങാനുള്ള നിർദേശവും നടപ്പായില്ല. 2021ൽ ഇത് വിജ്ഞാപനം ചെയ്തതാണ്. ഡ്രൈവിംഗ് ടെസ്റ്റുകളുടെ നിയന്ത്രണം വാഹന ഇൻസ്പെക്ടർമാരിൽനിന്ന് പോകാതിരിക്കാനാണ് ഗൂഢാലോചന. പുതിയ നിയമം വന്നാൽ ഡ്രൈവിംഗ് സ്കൂളുകൾക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ ടെസ്റ്റുകളിൽ യാതൊരു പങ്കുമുണ്ടാവില്ല.
ഏജന്റുമാരായിരുന്നു എക്കാലത്തും മോട്ടോർ വാഹന വകുപ്പിലെ അഴിമതിയുടെ കേന്ദ്രങ്ങൾ. അവരെ ഓഫീസിനു പുറത്താക്കാൻ കിണഞ്ഞുശ്രമിച്ച പല ഉന്നത ഉദ്യോഗസ്ഥരും പടിക്കു പുറത്തായതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഫിറ്റ്നസ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റുമൊക്കെ ഏജന്റുമാരാണ് നിയന്ത്രിക്കുന്നത്. ഫിറ്റ്നസ് ടെസ്റ്റിന്റെ കാര്യത്തിലും കേന്ദ്രനിയമമുണ്ട്. ഇവിടെ നടപ്പാക്കുന്നില്ലെന്നു മാത്രം. ഇതനുസരിച്ച് ഓട്ടമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം. ഇത് ആർടി ഓഫീസുകളുടെ കീഴിൽ വരുന്ന സംവിധാനമല്ല. അവിടെയും ഇടങ്കോലിടുന്നത് യൂണിയനാണെന്നത് പരസ്യമായ രഹസ്യം. ഓവർലോഡ് പിടിത്തമാണ് മറ്റൊരു ചാകര. ഇതിനുള്ള അധികാരം പോലീസുമായി പങ്കുവയ്ക്കാൻ വകുപ്പുദ്യോഗസ്ഥർ തയാറല്ല. വാഹൻ സോഫ്റ്റ്വേർ അഴിമതി കുറയ്ക്കാൻ സഹായിച്ചെങ്കിലും മറ്റു വഴികൾ ഇപ്പോഴും തുറന്നുകിടപ്പുണ്ട്.
ജനാധിപത്യത്തിൽ ഏത് അഴിമതിയും ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തി വേണം. രാഷ്ട്രീയ കക്ഷികളുടെ തുടർച്ചയായ യൂണിയനുകളുള്ളിടത്തോളം സമ്മർദങ്ങളേറും. പിന്നെ അഴിമതിപ്പണത്തിന്റെ പങ്ക് ഉന്നതങ്ങൾവരെ നീളുന്പോൾ റിപ്പോർട്ടുകളും റെയ്ഡുകളും മുങ്ങിപ്പോകുന്നതിൽ അദ്ഭുതപ്പെടാനില്ല. എല്ലാ ജനാധിപത്യ, ജനസേവന മര്യാദകളെയും കാറ്റിൽ പറത്തുന്ന ഉളുപ്പില്ലാത്ത അഴിമതി തുടരുന്നിടത്തോളം കാലം പ്രബുദ്ധകേരളം, രാഷ്ട്രീയകേരളം, സാക്ഷരകേരളം തുടങ്ങിയ വിശേഷണങ്ങളൊക്കെ നോക്കുകുത്തികളായി നമ്മെ കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കും.