കൊച്ചി: ഡോ. മോഹനന് കുന്നുമ്മലിന് കേരള സര്‍വകലാശാല താല്കാലിക വിസിയുടെ ചുമതല നല്‍കിയത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഇല്ലെന്നാരോപിച്ച് സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത്. സെനറ്റംഗങ്ങളായ ഡോ. എ. ശിവപ്രസാദ്, പ്രിയ പ്രിയദര്ശനന് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
സ്ഥിരം വിസി നിയമനം വൈകിയതിനെ തുടര്‍ന്നാണ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മോഹനന് കുന്നുമ്മലിന് 2022ൽ താല്കാലിക ചുമതല നല്‍കിയത്.
60 വയസ് പിന്നിട്ടുവെന്നും ഗവേഷണ ബിരുദം ഇല്ലെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ വിസിയുടെ താല്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ പ്രായം കൂടുന്നത് അയോഗ്യതയല്ലെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പ്രഫസര്‍ എന്നേ നിഷ്കര്‍ഷിക്കുന്നുള്ളൂ ഗവേഷണ ബിരുദം വേണമെന്ന് പറയുന്നില്ലെന്നും മെഡിക്കല്‍ പഠനത്തില്‍ എംബിബിഎസിന് ശേഷം എംഡി എന്നത് ഗവേഷണ ബിരുദത്തിന് തുല്യമായാണ് കണക്കാക്കുന്നതെന്നും ചാന്‍സലറുടെ അഭിഭാഷകന് അറിയിച്ചു.