വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി.
ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും.
കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.