വിയന്ന/ടെഹ്റാൻ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി (ഐഎഇഎ) യുടെ സംഘം രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം സന്ദർശിക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മായിൽ ബാഗെയ് പറഞ്ഞു.
ഏജൻസിയുമായി ഇറാന്റെ സഹകരണം സംബന്ധിച്ചുള്ള മാന്വൽ സന്ദർശനവേളയിൽ അവർക്ക് നൽകും. അത്തരത്തിലുള്ള സഹകരണത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ അടുത്തിടെ ഇറാൻ പാർലമെന്റിൽ പാസാക്കിയിരുന്നു.
ഏജൻസിക്ക് രാഷ്ട്രീയ പക്ഷപാതമാണെന്നും ഇറാന്റെ ആണവപരിപാടിയുടെ വിവരങ്ങൾ ഇസ്രയേലിന് എത്തിച്ചുകൊടുക്കുകയാണെന്നും ആരോപിച്ചായിരുന്നു ബിൽ പാസാക്കിയത്. എന്നിരുന്നാലും, ചർച്ചകൾക്കുള്ള സാഹചര്യം പിന്നീട് ഉരുത്തിരിഞ്ഞു വരികയായിരുന്നു.
സാങ്കേതിക ചർച്ചകൾക്കായി ഒരു സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കാമെന്നും, എന്നാൽ പരിശോധനകൾ അനുവദിക്കില്ലെന്നുമാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാട്. ഏജൻസി തലവൻ റാഫേൽ ഗ്രോസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.