മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്റെ "ജവാൻ'. "ഇത് അതല്ലേ' എന്ന് ഓരോ രംഗത്തിലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു "മാഷപ്പ്' ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം.
സാമൂഹ്യപ്രതിബദ്ധതയുടെ മേലങ്കി അണിയിച്ച് ശങ്കറും ശിഷ്യന്മാരും 1990-കൾ മുതൽ തമിഴ് ചലച്ചിത്രലോകത്ത് തുറന്നുവിട്ട ചിത്രങ്ങളുടെ തുടർച്ചയാണ് "ജവാൻ'. ഒരു പാട്ടിന്റെ ഇടവേളയിൽ നാട് നന്നാക്കുന്ന രജനിപ്പടങ്ങളിലെ തന്ത്രം ഷാറൂഖ് ഖാൻ പല ഡോസുകളായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.