തിരുവനന്തപുരം: സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോണ്‍ക്ലേവ് ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്തുന്നതിനുള്ള സമഗ്ര പ്രയത്നത്തിന്റെ ഭാഗമായാണ് അലുമ്നി കോണ്‍ക്ലേവ് നടത്തുന്നത്.
കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ നടന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചര്‍: ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് അലുമ്നി കോണ്‍ക്ലേവ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകള്‍ എന്നിവ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, നയരൂപീകരണ രംഗത്തും നിക്ഷേപമേഖലയിലുമുള്ള പ്രഗത്ഭര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കാളികളാകും.
വിദ്യാര്‍ഥികള്‍ക്കായുള്ള മെന്ററിംഗ്, ഇന്റേണ്‍ഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. കോണ്‍ക്ലേവിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ സ്ഥാപനങ്ങളും പൂര്‍വ വിദ്യാര്‍ഥി ഡാറ്റാബേസ് രൂപീകരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. സ്ഥാപനതല അലുമ്നി സംഗമം ഓഗസ്റ്റ് 15നു മുമ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു.